വീടുമാറി പരിശോധന: എസ്.ഐ.ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഇപ്പോള്‍ തളിപ്പറമ്പില്‍ ജോലിചെയ്യുന്ന എസ്.ഐ ഷിബു.പി.പോളിനെതിരെയാണ് നിര്‍ദ്ദേശം.

മട്ടന്നൂര്‍ പ്രതിയുടെ വീടിന് പകരം മറ്റൊരാളുടെ വീട്ടില്‍ കയറി പരിശോധന നടത്തുകയും ബലപ്രയോഗത്തില്‍ വയോധികയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ എസ്.ഐ.ക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. മട്ടന്നൂര്‍ മുന്‍ എസ്.ഐ. ഷിബു പി.പോളിനെതിരെയാണ് നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.
നിര്‍മലഗിരി കണ്ടരി കൊയിത്തിക്കണ്ടി വീട്ടില്‍ കെ. കദീജയുടെ പരാതിയിലാണ് ഉത്തരവ്. 2021 ജൂലായില്‍ മട്ടന്നൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കോളാരിയിലെ വീട്ടില്‍ എസ്.ഐ. പരിശോധന നടത്തിയത്.
പരാതിക്കാരിയെ തള്ളിമാറ്റിയപ്പോള്‍ നിലത്തുവീണ് നടുവിനും ഇടത് തോളിനും പരിക്കേറ്റു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വീട് മാറിപ്പോയതാണെന്ന് എസ്.ഐ. കമ്മിഷന് മുന്നില്‍ സമ്മതിച്ചിരുന്നു. എസ്.ഐക്കെതിരെ സ്വീകരിച്ച നടപടികള്‍ ജില്ലാ പോലീസ് മേധാവി ഒരു മാസത്തിനകം രേഖാമൂലം അറിയിക്കണമെന്നും കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് നിര്‍ദേശം നല്‍കി. എസ്.ഐ.ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിച്ച സാഹചര്യത്തില്‍ കമ്മിഷന്‍ കൂടുതല്‍ ശിക്ഷാനടപടികള്‍ നിര്‍ദ്ദേശിച്ചില്ല. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെടുന്ന പോലീസുദ്യോഗസ്ഥരില്‍നിന്നും ഇത്തരം സമീപനം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.