എന്തൊരു സ്പീഡ്– കരിമ്പത്ത് നിന്നും സ്പീഡ് പോസ്റ്റ് തളിപ്പറമ്പിലെത്താന്‍ Via-കണ്ണൂര്‍

തളിപ്പറമ്പ്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭാരത തപാല്‍വകുപ്പ് കാളവണ്ടിയുഗത്തില്‍ തുടരുന്നു.

വലിയ മികവ് അവകാശപ്പെട്ട് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോഴും ചില മാറ്റങ്ങള്‍ പഴയതിലും മോശമാവുകയാണ്.

കേവലം രണ്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഒരു സ്ഥലത്തേക്ക് സ്പീഡ് പോസ്റ്റ് എത്തിച്ചേരാന്‍ 48 മണിക്കൂറോളം സമയമെടുക്കുമ്പോള്‍ സ്വകാര്യ കൊറിയര്‍ സര്‍വീസുകള്‍ അതിവേഗം പടര്‍ന്നുപന്തലിക്കുന്നതില്‍ ആരെ കുറ്റപ്പെടുത്താന്‍ കഴിയും.

രജിസ്‌ട്രേഡ് പോസ്റ്റുകള്‍ നിര്‍ത്തലാക്കി സ്പീഡ് പോസ്സുകളാക്കി ചാര്‍ജ് ഇരട്ടിയിലേറെ ആക്കിയിട്ടും രണ്ട് കിലോമീറ്റര്‍ ദൂരെ പോസ്റ്റ് എത്താന്‍ രണ്ട് ദിവസം സമയമെടുക്കുന്നു.

ഓര്‍ഡിനറി തപാല്‍ അയച്ചാല്‍ പിറ്റേന്ന് തന്നെ കിട്ടേണ്ട സ്ഥാനത്താണ് സ്പീഡ് പോസ്റ്റ് എന്ന പേരില്‍ ജനങ്ങളെ തപാല്‍ വകുപ്പ് പറ്റിക്കുന്നത്.

കരിമ്പം സബ് പോസ്റ്റ് ഓഫീസില്‍ നിന്ന് തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസ് പരിധിയിലുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അയച്ച സ്പീഡ് പോസ്റ്റ് കത്തിനാണ് ഈ ദുര്‍ഗതി.

ജനുവരി 5 ന് 11.37 നാണ് EL 561908169 IN എന്ന നമ്പറില്‍ ഈ പോസ്റ്റ് അയച്ചത്.

സ്വാഭാവികമായും ജനുവരി ആറിന് തളിപ്പറമ്പില്‍ കിട്ടേണ്ട തപാല്‍ ട്രാക്ക് ചെയ്തപ്പോഴാണ് കത്ത് കണ്ണൂര്‍ ആര്‍.എം.എസില്‍ ആണെന്ന് വ്യക്തമായത്.

പോസ്റ്റ് ഓഫീസ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി ആണ് വിചിത്രം

തളിപ്പറമ്പിലേക്ക് ഉള്ള സ്പീഡ് പോസ്റ്റ് ഇവര്‍ കണ്ണൂരിലേക്കാണത്രേ അയക്കുക.

അവിടെ നിന്നും വേണം തിരികെ തളിപ്പറമ്പിലെത്താന്‍.

നേരത്തെ രജിസ്‌ട്രേഡ് പോസ്റ്റിന് 25 രൂപ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 74 രൂപയാണ് ഈടാക്കുന്നത്.

25 രൂപ ഉണ്ടായിരുന്നപ്പോള്‍ കരിമ്പത്ത് രജിസ്റ്റര്‍ ചെയ്യുന്ന കത്ത് തൊട്ടടുത്ത ദിവസം തളിപ്പറമ്പില്‍ ഡെലിവര്‍ ചെയ്യും.

എന്നാല്‍ 74 രൂപയായി ചാര്‍ജ് ഉയര്‍ത്തിയപ്പോള്‍ കരിമ്പത്ത് നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള തളിപ്പറമ്പിലെത്താന്‍ രണ്ട് ദിവസം സമയമെടുക്കുന്നു.

ഇത്രയും മികവുറ്റ ഒരു സേവനം ഭാരതീയ തപാല്‍ വകുപ്പിനല്ലാതെ മറ്റാര്‍ക്ക് നല്‍കാന്‍ കഴിയും-?