അഭിനയിക്കാന്‍ സിനിമ നിര്‍മ്മിച്ച നടനായിരുന്നു ഇന്നസെന്റ്. 1972 ല്‍ എ.ബി.രാജിന്റെ നൃത്തശാല മുതല്‍ 2023 ല്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അല്‍ഭുതവിളക്കും വരെ 412 സിനിമകളില്‍ വേഷമിട്ടു.
തിക്കുറിശി സംവിധാനം ചെയ്ത ഉര്‍വശി ഭാരതി, രാമുകാര്യാട്ടിന്റെ നെല്ല്, മോഹന്‍ സംവിധാനം ചെയ്ത രണ്ടു പെണ്‍കുട്ടികള്‍, വാടകവീട്, കൊച്ചു കൊച്ചു തെറ്റുകള്‍ എന്നിവയ്ക്ക് ശേഷമാണ് ആത്മസുഹൃത്ത് ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു ഫിലിംസ് എന്ന നിര്‍മ്മാണക്കമ്പനി തുടങ്ങിയത്.
1981 ല്‍ വിടപറയും മുമ്പേ, 82 ല്‍ ഇളക്കങ്ങള്‍, ഓര്‍മ്മയ്ക്കായി, 1983 ല്‍ കെ.ജി.ജോര്‍ജിന്റെ സംവിധാനത്തില്‍ ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് എന്നീ സിനിമകള്‍ നിര്‍മ്മിച്ചു.
ഈ നാല് സിനിമകളോടെ തിരക്കുള്ള നടനായി മാറിയതോടെ ഇന്നസെന്റ് നിര്‍മ്മാണം നിര്‍ത്തി അഭിനയത്തില്‍ സജീവമായി.
അഭിനയം കൂടാതെ ഇന്നസെന്റ് ഗായകനായും ഒരു കൈനോക്കിയിട്ടുണ്ട്.
1990 ല്‍ ജോണ്‍സന്റെ സംഗീതസംവിധാനത്തില്‍ കൈതപ്രം രചന നിര്‍വ്വഹിച്ച ആനച്ചന്തം ഗണപതി മേളച്ചന്തം– എന്ന പാട്ടാണ് സിനിമക്ക് വേണ്ടി ആദ്യമായി പാടിയത്.
ഇതേ ടീമിന്റെ സാന്ദ്രം എന്ന ചിത്രത്തിലെ കണ്ടല്ലോ പൊന്‍കുരിശുള്ളൊരു–എന്ന ഗാനം,
മിസ്റ്റര്‍ ബട്ട്‌ളര്‍ എന്ന സിനിമയിലെ ഗിരീഷ് പുത്തഞ്ചേരി-വിദ്യാസാഗര്‍ ടീമിന്റെ കുണുക്കുപെണ്‍മണിയേ–,
ഡോക്ടര്‍ ഇന്നസെന്റാണ് എന്ന ചിത്രത്തിലെ സന്തോഷ് വര്‍മ്മ രചനയും സംഗീതവും നിര്‍വ്വഹിച്ച സുന്ദരകേരളം-
-2021 ലെ ടി.സുനാമിയില്‍ സമരഗിസ എന്നീ ഗാനങ്ങള്‍ ഇന്നസെന്റ് സിനിമക്ക് വേണ്ടി പാടിയിട്ടുണ്ട്.
ആദ്യത്തെ രണ്ട് പാട്ടുകള്‍ തനിച്ചും മറ്റുള്ളവ സംഘമായിട്ടും ആലപിച്ചു.
1994 ല്‍ റോയ് പി.തോമസ് സംവിധാനം ചെയ്ത പാവം ഐ.എ ഐവാച്ചന്‍, 1995 ല്‍ വേണു ബി നായര്‍ സംവിധാനം ചെയ്ത കീര്‍ത്തനം എന്നീ സിനിമകളുടെ കഥയെഴുതിയതും ഇന്നസെന്റ് തന്നെ.
വറീതിന്റെയും മാര്‍ഗ്ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28ന് ഇരിഞ്ഞാലക്കുടയില്‍ ജനിച്ചു. ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ്, ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌ക്കൂള്‍, ഡോണ്‍ ബോസ്‌ക്കോ എസ് എന്‍ എച്ച് എസ് എന്നീ സ്‌ക്കൂളുകളില്‍ പഠിച്ചു.
എട്ടാം ക്ലാസ്സോടെ പഠിപ്പ് നിര്‍ത്തി. ജോലികള്‍ പലതും മാറി മാറി ചെയ്തു, തീപ്പെട്ടിക്കമ്പനി, ലെതര്‍ വ്യാപാരം എന്നിവ ചെയ്തു.
ഇടയ്ക്ക് രാഷ്ട്രീയരംഗത്തും പയറ്റി, മുനിസിപ്പല്‍ കൗണ്‍സിലായി. ചെറുപ്പം മുതലേ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു.
നിരവധി തവണ സംസ്ഥാന അവാര്‍ഡും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.