ടി ടി കെ ദേവസ്വത്തിന്റെ കാര്യത്തില്‍ ഭരണക്കാര്‍ ഇരട്ടതാപ്പ് കാട്ടുന്നു–മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐ എന്‍ ടി യു സി)

തളിപ്പറമ്പ്: സര്‍ക്കാര്‍ ക്ഷണം നല്‍കി മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പൗരപ്രമുഖനായി പങ്കെടുപ്പിച്ച ടി.ടി.കെ ദേവസ്വം പ്രസിഡന്റിനെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കുന്നതിന് പൊതുപരിപാടി സംഘടിപ്പിച്ച സി ഐ ടി യു യൂണിയന്‍ നിലപാട് ഇരട്ടത്താപ്പാണെന്ന് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐ എന്‍ ടി യു സി) തളിപ്പറമ്പ് മേഖലാ കമ്മറ്റി യോഗം കുറ്റപ്പെടുത്തി.

ഭരണസ്വാധീനത്തിന്റെ മറവില്‍ ദേവസ്വത്തില്‍ നിന്നും അനധികൃതമായി ധനം അപഹരിച്ചുകൊണ്ടിരുന്നത് തടഞ്ഞ ടി.ടി.കെ ദേവസ്വം പ്രസിഡന്റിന്റെ നടപടിയെ അഭിനന്ദിക്കുകയും കേരള ഓഡിറ്റ് വകുപ്പ് കണ്ടെത്തിയ ലക്ഷക്കണക്കിന് രൂപയുടെ ധനാപഹരണതുകകള്‍ ദേവസ്വത്തിലേക്ക് തിരിച്ചടപ്പിക്കുന്നതിന് മുന്‍കൈ എടുക്കുകയും ചെയ്യേണ്ട ഭരണക്കാര്‍ ക്ഷേത്രധനം അപഹരിച്ചവര്‍ക്ക് കൂട്ടിരുന്ന് പ്രസിഡന്റിനെതിരെ ഇല്ലാക്കഥകള്‍ മെനയുന്നത് തികച്ചും ദുരുദ്ദേശപരമാണ്.

23 വര്‍ഷമായി ശമ്പളം പരിഷ്‌ക്കരിച്ചിട്ടില്ലാത്ത ക്ഷേത്ര ജീവനക്കാരുടെ ജീവിതദുരിതത്തിന് അറുതി വരുത്താന്‍ ഒരു ചെറുവിരലനക്കാത്ത സി.ഐ. ടി.യു സംഘടനയും അതിന്റെ ജില്ലാ പ്രസിഡന്റായ എം എല്‍ എ യും ധനാപഹരണം നടത്തിയവരെ സംരക്ഷിക്കുന്നതിന് ദേവസ്വം പ്രസിഡന്റിനെ കുറ്റപ്പെടുത്തി സമരരംഗത്തിറങ്ങിയത് വഞ്ചനാപരമാണെന്നും യോഗം കുറ്റപ്പെടുത്തി.

മേഖലാ പ്രസിഡന്റ് പി.വി.നാണു അധ്യക്ഷത വഹിച്ചു. ഇ. അശോകന്‍, സി.നാരായണന്‍, കെ.വി.വീരമണി നമ്പീശന്‍, എം.രൂപേഷ്, ശങ്കരനാരായണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.