പകര്‍ച്ചവ്യാധിക്ക് പ്രത്യേക കെട്ടിടമില്ല, കേന്ദ്രസംഘം അതൃപ്തി രേഖപ്പെടുത്തിയതായി സൂചന. 

കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രത്യേകം ഐസോലേഷന്‍ വാര്‍ഡ് ഇല്ലാത്തതില്‍ കേന്ദ്രസംഘം അതൃപ്തി രേഖപ്പെടുത്തി.

ഇന്നലെ വാനരവസൂരി ബാധിച്ച രോഗിയെ സന്ദര്‍ശിക്കാനെത്തിയ സംഘം പകര്‍ച്ചവ്യാധി പിടിപെട്ടയാളെ പ്രധാന ആശുപത്രി കെട്ടിടത്തില്‍ തന്നെ ചികില്‍സിക്കുന്നതില്‍ ആശങ്കപങ്കുവെച്ചതായിട്ടാണ് വിവരം.

ലോകത്തിലെല്ലായിടത്തും പകര്‍ച്ചവ്യാധി പിടിപെട്ടയാളെ പ്രത്യേകമായി നിര്‍മ്മിച്ച ഐസോലേഷന്‍ വാര്‍ഡില്‍ പാര്‍പ്പിച്ച് ചികില്‍സ നല്‍കണമെന്നാണ് നിയമം.

കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ഈ സൗകര്യം നിലവിലുണ്ട്.

എന്നാല്‍ കാല്‍നൂറ്റാണ്ട് പിന്നിട്ട കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മാത്രം ഈ സൗകര്യമില്ല.

കോവിഡ് ചികില്‍സക്കിടയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം പകര്‍ന്നതിന് കാരണം എല്ലാവിധ രോഗികളും ഒരു കവാടത്തിലൂടെ അകത്തേക്കും പുറത്തേക്കും വന്നതിനാലായിരുന്നുവെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.

നൂറ് ഏക്കറിലേറെ സ്ഥലമുള്ള മെഡിക്കല്‍ കോളേജില്‍ അടിയന്തിരമായി ഐസോലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കണെമെന്ന് കേന്ദ്രസംഘം നിര്‍ദ്ദേശിച്ചതായാണ് വിവരം.