ജമ്മു കാശ്മീര്‍ ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്; തീയതി ഇന്ന് പ്രഖ്യാപിക്കും.

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ അടക്കം നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും.

വൈകീട്ട് മൂന്നുമണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം.

ജമ്മുകശ്മീരിന് പുറമെ, മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുക.

ഹരിയാന നിയമസഭയുടെ കാലാവധി നവംബര്‍ മൂന്നിനും മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ 26 നും അവസാനിക്കും.

ഝാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധിയും ഈ വര്‍ഷം ഡിസംബറോടെ അവസാനിക്കും.

ഇതോടൊപ്പം ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പും നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മാസത്തിനകം നടത്താന്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പരിശോധിക്കാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ അടുത്തിടെ സംസ്ഥാനങ്ങള്‍ സന്ദര്‍ശനം നടത്തിയിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചേക്കും.