സാറെ നിങ്ങള്‍ നാട്ടില്‍ നടക്കുന്ന ഉറൂസിനും ഉല്‍സവത്തിനും പോയാല്‍ മതിയോ? നിങ്ങളുടെ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് കൊല്ലം കഴിഞ്ഞിട്ടും വരാത്ത സ്ഥലമുണ്ട്. നിങ്ങളെ കാണാന്‍ നമ്മള്‍ എവിടെ നേര്‍ച്ച നേരണം?
പരിയാരം: കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനം ഇല്ലാതായി.
കോണ്‍ഗ്രസ് ഒരുഭാഗത്തും മുസ്ലിംലീഗും സി.എം.പിയും മറുഭാഗത്തുമായി സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുകയാണ്.
യു.ഡി.എഫ് ആസൂത്രണം ചെയ്യുന്ന ഒരു പരിപാടിയും കഴിഞ്ഞ ഒരു വര്‍ഷമായി പഞ്ചായത്തില്‍ നടക്കുന്നില്ലെന്ന് മുസ്ലിംലീഗ് നേതാവും ഗ്രാമപഞ്ചായത്തംഗവുമായ ജംഷീര്‍ ആലക്കാട് പറഞ്ഞു.
യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസ്സിന്റെ ജില്ലാ നേതൃത്വത്തിന് ഇക്കാര്യങ്ങള്‍ അറിയാമെങ്കിലും മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കഴിഞ്ഞ 4 വര്‍ഷമായിട്ടും ഇവിടെ യു.ഡി.എഫിന്റെ ഒരു പരിപാടിക്കും ക്ഷണിച്ചിട്ടുപോലും വന്നില്ലെന്നപരാതിയില്‍ നിന്നാണ് അസ്വാരസ്യങ്ങളുടെ തുടക്കം.
മുസ്ലീംലീഗ് സംഘടിപ്പിച്ച് നേരത്തെ അറിയിക്കുകയും ക്ഷണിക്കുകയും ചെയ്ത പരിപാടിയില്‍ നിന്നെല്ലാം സ്ഥലം എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മന:പൂര്‍വ്വം വിട്ടുനില്‍ക്കുന്നതായി ലീഗ് ആരോപിക്കുന്നു.
ഇത് സംബന്ധിച്ച് യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും കാര്യമായ ഫലമില്ലാത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ സമൂഹധ്യമങ്ങളിലൂടെ ലീഗ് നേതാക്കള്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ രംഗത്തുവന്നിട്ടുണ്ട്.
കോണ്‍ഗ്രസ് ബൂത്ത്-മണ്ഡലം നേതാക്കള്‍വരെ ഉണ്ണിത്താന്റെ പ്രവര്‍ത്തനത്തില്‍ പരസ്യമായി അസംതൃപ്തി രേഖപ്പെടുത്തുന്നുന്നുണ്ട്.
മൂന്ന് ദിവസം മുമ്പ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍ഗോഡ് ഒരു പരിപാടിയില്‍ പങ്കെടുത്തത് സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ ജംഷീര്‍ ആലക്കാട് ഇട്ട പോസ്റ്റിന് അനുകൂലമായും എതിരായും അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്.
സാറെ നിങ്ങള്‍ നാട്ടില്‍ നടക്കുന്ന ഉറൂസിനും ഉല്‍സവത്തിനും പോയാല്‍ മതിയോ? നിങ്ങളുടെ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് കൊല്ലം കഴിഞ്ഞിട്ടും വരാത്ത സ്ഥലമുണ്ട്. നിങ്ങളെ കാണാന്‍ നമ്മള്‍ എവിടെ നേര്‍ച്ച നേരണം? എന്നാണ് കുറിപ്പ്.
ലോകസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രം അവശേഷിച്ചിരിക്കെ യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ പോകുന്നതില്‍ അസംതൃപ്തിയുള്ളവര്‍ മാറി ചിന്തിച്ചേക്കാനുള്ള സാഹചര്യങ്ങളാണ് ഇവിടെയെന്ന് ലീഗ് നേതാക്കള്‍ തന്നെ പറയുന്നു.
ഏതെങ്കിലും പൊതുയോഗത്തില്‍ അല്ലാതെ തങ്ങള്‍ എം.പിയെ കാണാറില്ലെന്നും, അയച്ച കത്തിന് പോലും മറുപടി തരാറില്ലെന്നും സി.എം.പി ജില്ലാ സെക്രട്ടേറിയേറ്റംഗം സി.എ.ജോണ്‍ പറഞ്ഞു.
