നനഞ്ഞ പടക്കമായി സി.വി.ഗിരീശന്റെ കല്ലിങ്കീല്‍ വിമര്‍ശനം-തളിപ്പറമ്പ് നഗരസഭാ യോഗത്തില്‍ അനാവശ്യ വിവാദം.

തളിപ്പറമ്പ്: വൈസ് ചെയര്‍മാന്‍ ആയിപ്പോയെന്നുവെച്ച് എന്തും സഹിക്കാനാവില്ലെന്ന് തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍.

നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഹൈവേയിലെ ടാക്‌സികാറുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് നഗരസഭ നടപ്പിലാക്കുന്ന പദ്ധതിക്കെതിരെ പ്രതിപക്ഷ സി.പി.എം കൗണ്‍സിലര്‍ സി.വി.ഗിരീശന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൗണ്‍സില്‍ യോഗങ്ങളില്‍ തന്നെ നിരന്തരമായി കടന്നാക്രമിക്കുന്ന സി.വി.ഗിരീശന്റെ ശ്രമങ്ങള്‍ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു.

ഇവിടെ 4,52,519 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച അജണ്ട പരിഗണനക്ക് വന്നപ്പോഴാണ് വൈസ് ചെയര്‍മാന്റെ കടയുടെ സമീപമാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും, സൗന്ദര്യവല്‍ക്കരണമല്ല, മറിച്ച് തകര്‍ന്നുകിടക്കുന്ന റോഡുകളുടെ നവീകരണമാണ് വേണ്ടതെന്നും ഗിരീശന്‍ പറഞ്ഞു.

ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയാല്‍ അതിനെതിരെ വിജിലന്‍സിന് പരാതി നല്‍കുമെന്നും ഗിരീശന്‍ പറഞ്ഞു.

വൈസ് ചെയര്‍മാന്റെ വ്യക്തിപരമായ താല്‍പര്യമാണ് ഇതിനുപിന്നിലെന്നും ഗിരീശന്‍ വിമര്‍ശിച്ചു.

വിമര്‍ശനത്തിന് ശക്തമായി പ്രതികരിച്ച കല്ലിങ്കീല്‍ തന്റെ വാര്‍ഡില്‍ നടപ്പിലാക്കുന്ന പദ്ധതി പ്രദേശത്തെ ആളുകളുടെതാല്‍പര്യപ്രകാരനമാണെന്നും വെറുതെ വിമര്‍ശിക്കാന്‍ മാത്രം ലക്ഷ്യമിട്ടാണ് ആരോപണം  ഉന്നയിക്കുന്നതെന്നും തിരിച്ചടിച്ചു.

വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കുന്നുവെന്ന് വെച്ച് തന്റെ വാര്‍ഡില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കരുതെന്ന് പറയുന്നതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്നും പറഞ്ഞു.

വിവിധ വാര്‍ഡുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആര്‍ക്കും പരാതിയില്ലെന്നിരിക്കെ തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

എം.എല്‍.എ ഗോവിന്ദന്‍ മാസ്റ്റര്‍ നഗരസൗന്ദര്യവല്‍ക്കരണത്തിന് ഒരുകോടി രൂപ അനുവദിച്ചിരിക്കെ ഇത് സംബന്ധിച്ച വിവാദം അനാവശ്യമാണെന്ന് കല്ലിങ്കീലിന് പിന്തുണയുമായി
വന്ന സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ്‌നിസാറും പ്രതികരിച്ചു.

ഒരാവശ്യവുമില്ലാത്ത വിമര്‍ശനങ്ങള്‍ക്ക് കൗണ്‍സിലിന്റെ ഒരു മണിക്കൂറോളം സമയമാണ് അപഹരിക്കപ്പെട്ടത്. ആരോപണവുമായി രംഗത്തുവന്ന സി.വി.ഗിരീശന് പ്രതിപക്ഷത്തെ മറ്റ് അംഗങ്ങളില്‍ ആരുടെയും പിന്തുണ ലഭിച്ചില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.