ഡയരക്ടര്‍ സ്ഥാനം കൂടി രാജിവെച്ചേതീരു-കല്ലിങ്കീലിനോട് ഡി.സി.സി നേതൃത്വം-

തളിപ്പറമ്പ്:പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പ്രശ്‌നം തീര്‍ക്കാനുള്ള കല്ലിങ്കീല്‍ പത്മനാഭന്റെ നീക്കം കോണ്‍ഗ്രസ് നേതൃത്വം തള്ളി.

കഴിഞ്ഞ 15 നാണ് കല്ലിങ്കീല്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. എന്നാല്‍ ഡയരക്ടര്‍ സ്ഥാനം കൂടി ഒഴിയണമെന്ന കര്‍ശന നിലപാടിലാണ് ജില്ലാ നേതൃത്വം.

ഡയരക്ടര്‍ സ്ഥാനം കൂടി ഒഴിഞ്ഞ ശേഷം ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിനെ കാണാനാണ് കെ.പി.സി.സി.പ്രസി കെ.സുധാകരന്‍ എം.പി.കല്ലിങ്കീലിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

അതിനിടെ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ഇദ്ദേഹത്തെ അവിശ്വാസത്തിലൂടെ പുറന്തള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം ആരംഭിച്ചിട്ടുണ്ട്.

കല്ലിങ്കീലിനോടൊപ്പം ഒരൊറ്റ കോണ്‍ഗ്രസുകാരന്‍ പോലും ഇല്ലെന്ന് ബോധ്യപ്പെട്ടതായി ഒരുബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹി പറഞ്ഞു.

ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരെല്ലാം ഇപ്പോള്‍ മറുകണ്ടം ചാടിക്കഴിഞ്ഞു.

അതു കൊണ്ടു തന്നെ ദുര്‍ബ്ബലനായി കഴിഞ്ഞ കല്ലിങ്കീല്‍ ഡയരക്ടര്‍ സ്ഥാനം കൂടി ഒഴിഞ്ഞ് വൈസ് ചെയര്‍മാന്‍ സ്ഥാനമെങ്കിലും നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.

നേരത്തെ തന്നെ പ്രസിഡന്റ് സ്ഥാനവും ഡയരക്ടര്‍ സ്ഥാനവും ഒഴിയണമെന്ന ഡി.സി.സി നിര്‍ദ്ദേശം കല്ലിങ്കീല്‍ നിരാകരിച്ചതിനെതുടര്‍ന്നാണ് കഴിഞ്ഞ 9 ന് ഇദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.

സ്ഥാനങ്ങളെല്ലാം നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് നേതൃത്വവുമായി നീക്കുപോക്കിന് ശ്രമിച്ചതെങ്കിലും നേതൃത്വം കര്‍ശന നിലപാട് സ്വീകരിച്ചത് കല്ലിങ്കീലിനെ വെട്ടിലാക്കിയിരിക്കയാണ്.