2026 മെയ് മാസത്തില്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്.
പത്ര-ദൃശ്യ മാധ്യമങ്ങളില്‍ ആരായിരിക്കും സ്ഥാനാര്‍ത്ഥികള്‍ എന്ത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പരന്നൊഴുകുകയാണ്.
ഇന്ന് മുതല്‍ എല്ലാ ദിവസവും ഞങ്ങള്‍ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളേക്കുറിച്ച് വിലയിരുത്തുകയാണ്.
നിലവിലുള്ള എം.എല്‍.എമാരുടെ പ്രകടനങ്ങളും അവരുടെ നേട്ടങ്ങളും കോട്ടങ്ങളും ഇവിടെ വിലയിരുത്തപ്പെടും.
അങ്കച്ചമയം എന്ന പേരിലുള്ള ആദ്യത്തെ എപ്പിസോഡ് കല്യാശേരിയെക്കുറിച്ചാണ്.
കണ്ണൂര്‍ ജില്ലയില്‍ 11 നിയമസഭ മണ്ഡലങ്ങളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം ഒഴിടെ 9 സീറ്റുകളിലും എല്‍.ഡി.എഫ് എം.എല്‍.എമാരാണ്. അതില്‍ എല്‍.ഡി.എഫില്‍ സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളിലൊന്നാണ് കല്യാശേരി. മണ്ഡല പുനര്‍നിര്‍ണയപ്രകാരം 2011 ലാണ് കല്യാശേരി അസംബ്ലി നിയോജകമണ്ഡലം നിലവില്‍വന്നത്. ചെറുകുന്ന്, കല്യാശേരി, കണ്ണപുരം, മാട്ടൂല്‍, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, മാടായി, പട്ടുവം ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ഈ അസംബ്ലി മണ്ഡലം. അതില്‍ മാട്ടൂല്‍, മാടായി പഞ്ചായത്തുകള്‍ ഒഴികെ ബാക്കി എട്ട് പഞ്ചായത്തുകളിലും സി.പി.എമ്മാണ് ഭരിക്കുന്നത്. 2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടുകളുടെ കണക്ക് പ്രകാരം എല്‍.ഡി.എഫിന് നിലവില്‍ 16,781 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. എല്‍.ഡി.എഫ് ശക്തികേന്ദ്രങ്ങളിലെ ചില വാര്‍ഡുകളില്‍ സി.പി.എം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ആ വാര്‍ഡുകളിലെ വോട്ടുകൂടി നോക്കിയാല്‍ ഭൂരിപക്ഷം ഇനിയും ഏറെ വര്‍ദ്ധിക്കും. ഇവിടെ എല്‍.ഡി.എഫിന്റെ വിജയത്തില്‍ ആര്‍ക്കും സംശയങ്ങളില്ല.
ആരായിരിക്കണം സ്ഥാനാര്‍ത്ഥി-
നിലവില്‍ എം.വിജിന്‍ ആണ് 2021 മുതല്‍ കല്യാശേരിയുടെ എം.എല്‍.എ. 2011 ലും 2016 ലും ടി.വി.രാജേഷാണ് കല്യാശേരിയുടെ എം.എല്‍.എ ആയിരുന്നത്. ടി.വി.രാജേഷ് തുടങ്ങിവെച്ച പദ്ധതികളാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കല്യാശേരി മണ്ഡലത്തില്‍ ഭൂരിഭാഗവും നടന്നിട്ടുള്ളത്. അവയുടെ ഉദ്ഘാടകനോ അധ്യക്ഷനോ ആയി എം.വിജിന്‍ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ എം.എല്‍.എ എന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടാനുള്ള പദ്ധതികളൊന്നും തന്നെ കല്യാശേരിയില്‍ ഉണ്ടായിട്ടില്ല. 2011 മുതല്‍ 2021 വരെ 10 വര്‍ഷങ്ങളിലായി ആയിരം കോടിയിലേറെ രൂപയുടെ വികസനപദ്ധതികള്‍ ടി.വി.രാജേഷ് കല്യാശേരിയില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നാണ് കണക്ക്. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ആക്‌സിഡന്റ് ട്രോമാ കെയര്‍ യൂണിറ്റ്, ഫയര്‍ സ്റ്റേഷന്‍, ഗവ.ആയുര്‍വേദ കോളേജിലെ മാനസികാരോഗ്യ വിഭാഗം എന്നിവ 2021 ല്‍ അദ്ദേഹം വിഭാവനം ചെയ്തിരുന്നുവെങ്കിലും അത് നടപ്പിലായിട്ടില്ല. അടുത്തിടെ കെ.എസ്.ടി.പി റോഡിലെ റീടാറിഗില്‍ നടന്നതായി ആരോപിക്കപ്പെട്ട ക്രമക്കേട് ഉള്‍പ്പെടെ മണ്ഡലത്തില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. പലകാര്യങ്ങളിലും എം.എല്‍.എയുടെ ഇടപെടല്‍ അത്രയങ്ങ് ഫലവത്താകുന്നില്ലെന്നത് ഒരു പരിധിവരെ സമ്മതിക്കേണ്ടി വരുന്ന പോരായ്മയാണ്. ഒരു പക്ഷെ, ടി.വി.ആര്‍ വീണ്ടും എം.എല്‍.എ ആയി വന്നിരുന്നെങ്കില്‍ പദ്ധതികള്‍ പലതും നടപ്പിലായേനെ എന്ന ചര്‍ച്ചകളും സജീവമാണ്. ജനകീയ എം.എല്‍.എയായ ടി.വി.രാജേഷിന് വീണ്ടും കല്യാശേരിയില്‍ ഒരവസരം നല്‍കണമെന്ന ആവശ്യം മണ്ഡലത്തില്‍ ശക്തിപ്പെടുന്നുണ്ട്. 2011 ല്‍ കോണ്‍ഗ്രസിലെ അഡ്വ.പി.ഇന്ദിരയെ 29,988 വോട്ടിനും 2016 ല്‍ അമൃത രാമകൃഷ്ണനെ 42,891 വോട്ടിനുമാണ് ടി.വി.രാജേഷ് പരാജയപ്പെടുത്തിയത്. 2021 ല്‍ യു.ഡി.എഫിലെ അഡ്വ.കെ.ബ്രിജേഷ്‌കുമാറിനെ 44,393 വോട്ടിനാണ് എം.വിജിന്‍ പരാജയപ്പെടുത്തിയത്. ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ബ്രിജേഷ്‌കുമാര്‍ മല്‍സരിക്കില്ലെന്നാണ് സൂചന. യു.ഡി.എഫ് കല്യാശേരി മണ്ഡലം ചെയര്‍മാനും കെ.സി.വേണുഗോപാലിന്റെ അടുത്ത അനുയായിയുമായ പാണപ്പുഴയിലെ സുനില്‍ പ്രകാശിന്റെ പേരാണ് സജീവമായി പരിഗണിക്കപ്പെടുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ടി.വി.ആറിന്റെ പേരിന് തന്നെയാണ് മുന്‍തൂക്കം.