കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-എഞ്ചിനീയറിംഗ് വിഭാഗം ത്രിശങ്കുവില്‍-കഴിഞ്ഞവര്‍ഷം ലാപ്‌സായത് 10 കോടി രൂപ-
Report– കരിമ്പം.കെ.പി.രാജീവന്‍
പരിയാരം: എഞ്ചിനീയറിംഗ് വിഭാഗം ഇപ്പോഴും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തില്ല, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്കുള്ള സര്‍ക്കാര്‍ഫണ്ടുകള്‍ ലാപസാവുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ അധീനതയിലാണെങ്കിലും ഇവിടെ നിര്‍മ്മാണ ജോലികളുടെ നടത്തിപ്പ് ഇതേവരെ പൊതുമരാമത്ത്(ബില്‍ഡിങ്ങ്‌സ്)വിഭാഗം ഏറ്റെടുത്തിട്ടില്ല.
അതുകൊണ്ടുതന്നെ കിഫ്ബി വഴിയുള്ളതല്ലാത്ത എല്ലാ സര്‍ക്കാര്‍ ഫണ്ടുകളും ഉപയോഗിക്കാതെ ലാപ്‌സായിപ്പോവുകയാണ്.
പി.ജി. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന് 34 കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ബജറ്റില്‍ പ്രഖ്യാപിച്ച 5 കോടി രൂപയും ഇതുപോലെ പാരാമെഡിക്കല്‍ വിഭാഗം
ഹോസ്റ്റലിന് വകയിരുത്തിയ 3 കോടിയും പ്ലാന്‍-മെയിന്റനന്‍സ് ആവശ്യങ്ങള്‍ക്കനുവദിച്ച 2 കോടി ആറുലക്ഷം രൂപയും ഉപയോഗിക്കാത്തതിനാല്‍ ഏത് നിമിഷവും നഷ്ടമാവും.
മെഡിക്കല്‍ കോളേജിലെ എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തേണ്ട പൊതുമരാമത്ത് വകുപ്പിന്റെ ബില്‍ഡിങ്ങ്‌സ് വിഭാഗം ഇതേവരെ മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും തന്നെ ഏറ്റെടുത്തിട്ടില്ല.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നയംവ്യക്തമാക്കാത്തതാണ് ഇതിന് കാരണം. പൊതുമരാമത്ത് വകുപ്പിന്റെ തളിപ്പറമ്പ് ഓഫീസാണ് പരിയാരം ഗവ.മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.
എന്നാല്‍ ഇവര്‍ക്ക് ഇതേവരെ യാതൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ല. നേരത്തെ സഹകരണ മേഖലയില്‍ ഉണ്ടായപ്പോള്‍ ഏര്‍പ്പെടുത്തിയ എഞ്ചിനീയറിംഗ് വിഭാഗമാണ് ഇപ്പോഴും പ്രാഥമികകാര്യങ്ങള്‍ നടത്തുന്നത്.
കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച ഫണ്ട് ചെലവഴിക്കല്‍ മാത്രമാണ് മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.
ഇതില്‍ ആക്‌സിഡന്റ് ട്രോമാകെയര്‍ യൂണിറ്റിനായി കിഫ്ബി 52 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നതല്ലാതെ ഫണ്ട് ലഭിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ തറക്കല്ലിടല്‍ കഴിഞ്ഞതല്ലാതെ ഒരു പ്രവൃത്തിയും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ വകയിരുത്തിയ 10 കോടി രൂപയും ഉപയോഗിക്കാതെ ലാപ്‌സാവുകയായിരുന്നു.