വാട്‌സ് ആപ്പ് വഴി ഫോട്ടോ അയക്കൂ-പരിയാരത്ത് സീനിയര്‍മാരുടെ ചികിത്സ വാട്‌സ് ആപ്പിലൂടെ–രോഗികള്‍ സ്വകാര്യ ആശുപത്രികളിലേക്ക്.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ വാട്‌സ് ആപ്പ് ചികിത്സ മാത്രം നടത്തുന്നതായി പരാതി.
ഇവര്‍ അത്യാഹിത വിഭാഗത്തിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. വാഹനാപകടങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ കാഷ്വാലിറ്റിയില്‍ എത്തിച്ചാല്‍ പ്രാഥമിക ചികിത്സക്ക് ശേഷം പരിക്കുകള്‍ മനസിലാക്കി ഓര്‍ത്തോ-ന്യൂറോ-മെഡിസിന്‍-സര്‍ജറി ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് തുടര്‍ ചികിത്സ നിര്‍ദ്ദേശിക്കുകയാണ് രീതി.
എന്നാല്‍ സീനിയര്‍ ഡോക്ടര്‍മാര്‍ കാഷ്വാലിറ്റിയില്‍ കയറാറില്ലെന്നാണ് പരാതി. പി.ജി.ഡോക്ടര്‍മാര്‍ക്കും ഹൗസ് സര്‍ജന്‍മാര്‍ക്കും രോഗിയെ അഡ്മിറ്റ് ചെയ്യാന്‍ അധികാരമില്ലാത്തതിനാല്‍ രോഗികള്‍ ഡോക്ടറെ കാത്തിരുന്ന് ചികില്‍സ ലഭിക്കാതെ ഒടുവില്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ടി വരുന്നു.
പലപ്പോഴും മുറിവുകള്‍ ഫോട്ടോയെടുത്ത് വാട്‌സ് ആപ്പ് വഴി അയച്ചുകൊടുത്താണ് തുടര്‍ ചികിത്സ വിധിക്കുന്നത്.
ചൊവ്വാഴ്ച്ച രാവിലെ കിണറില്‍ വീണ് പരിക്കേറ്റ ഒരു രോഗിയെ അഗ്‌നിശമന സേന കാഷ്വാലിറ്റിയില്‍ എത്തിച്ചുവെങ്കിലും രാവിലെ 9 മണിക്ക് വന്ന ഇദ്ദേഹത്തിന് വൈകുന്നേരം 4.30 വരെ ചികിത്സ ലഭിക്കാത്തതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ടി വന്നതാണ് ഒടുവിലത്തെ സംഭവം.ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ നടക്കുന്നുണ്ട്.
കാഷ്വാലിറ്റിയുടെ ചുമതല അസോസിയേറ്റ് പ്രൊഫസറുടെ തസ്തികയിലുള്ള ഡോക്ടര്‍ക്ക് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇതേവരെ ഇവിടെ പ്രാവര്‍ത്തികമായിട്ടില്ല.
ഏത് തരം ചികിത്സയാണ് രോഗിക്ക് നല്‍കേണ്ടതെന്ന് തീരുമാനിക്കേണ്ട സീനിയര്‍ ഡോക്ടര്‍മാര്‍ വിവരമറിയിച്ചാല്‍ പോലും കാഷ്വാലിറ്റിയില്‍ വരാതായതോടെ രോഗികള്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ബന്ധിതരാവുന്നു.
അസ്ഥിരോഗ വിഭാഗത്തെക്കുറിച്ചാണ് ഇത്തരം പരാതികള്‍ വ്യാപകമായിരിക്കുന്നത്.
സീനിയര്‍ ഡോക്ടര്‍മാരുടെ സാന്നിധ്യം കാഷ്വാലിറ്റിയില്‍ ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.