ബോര്‍ഡ് മാറിയതൊഴിച്ചാല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഇപ്പോഴും പഴയതുപോലെ-ജീവനക്കാര്‍ക്കിടയില്‍ അസ്വാരസ്യം പുകയുന്നു-
പരിയാരം: ബോര്‍ഡില്‍ ഗവണ്‍മെന്റ് എന്ന് പേര് മാറ്റിയതൊഴിച്ചാല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ
നേഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ശമ്പള വര്‍ദ്ധനവോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല, ക്ഷാമബത്തയോ മറ്റ് അലവന്‍സുകളോ ഇല്ല, ജീവനക്കാര്‍ക്കിടയില്‍ അതൃപ്തി പുകയുന്നു.
2019 ലാണ് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തത് പക്ഷെ, അതിന് ശേഷവും മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന യാതൊരുവിധ ആനുകൂല്യങ്ങളുമില്ല.
13 വര്‍ഷം സര്‍വീസുള്ള ഒരു നേഴ്‌സിങ്ങ് സ്റ്റാഫിന് ഇവിടെ ലഭിക്കുന്നത് 32,000 രൂപയാണെങ്കില്‍ സംസ്ഥാന സര്‍വീസില്‍ ഇത് 45,000 നും മുകളിലാണ്.
കോവിഡ് കാലത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ നേഴ്‌സിങ്ങ് ജീവനക്കാര്‍ക്ക് റിസ്‌ക്ക് അലവന്‍സ് ഉള്‍പ്പെടെ നല്‍കിയിരുന്നുവെങ്കിലും രാപ്പകലില്ലാതെ കഷ്ടപ്പെട്ട കണ്ണൂര്‍
ഗവ.മെഡിക്കല്‍ കോളേജിലെ നേഴ്‌സിങ്ങ് ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഒരു രൂപപോലും റിസ്‌ക്ക് അലവന്‍സായി ലഭിച്ചിട്ടില്ലെന്ന പരാതി വ്യാപകമാണ്.
2018 മുതല്‍ തന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രചാരണം നടക്കുന്നതിനാല്‍ സഹകരണ മേഖലയിലായിരുന്നപ്പോള്‍പോലും ശമ്പള വര്‍ദ്ധനവ് ലഭിച്ചിട്ടില്ല.
കഴിഞ്ഞ നാലുവര്‍ഷമായിട്ടും 2017 ലെ ശമ്പളം തന്നെയാണ് ലഭിക്കുന്നതെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു.
ഓണത്തിന് 4000 രൂപ ഉല്‍സവബത്തയും 2750 രൂപ ബോണസും നല്‍കുമെന്ന് പ്രഖ്യാപനം വന്നുവെങ്കിലും 2750 രൂപ ബോണസ് മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്.
ഇതിന് പുറമെയാണ് തൊഴില്‍നികുതിയുടെയും ആദായനികുതിയുടെയും പേരിലുള്ള വെട്ടിക്കുറക്കലുകള്‍ നടത്തുന്നത്.
രോഗികള്‍ക്ക് സൗജന്യമരുന്നുകള്‍ ഉള്‍പ്പെടെ ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് സത്യമാണെങ്കിലും ജീവനക്കാര്‍ക്ക് യാതൊരുവിധ പരിഗണനയും ലഭിക്കുന്നില്ല.
ചെലവുകള്‍ അനുദിനമെന്നോണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് ശമ്പള വര്‍ദ്ധനവ് ലഭിക്കാത്തതിനാല്‍ നേഴ്‌സിങ്ങ്
ജീവനക്കാരും മറ്റ് താഴെതട്ടിലുള്ളവരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല.
പക്ഷെ, ഉത്തരവാദപ്പെട്ടവര്‍ക്കും ജീവനക്കാരുടെ സംഘടനകള്‍ക്കും ഇതൊന്നും പ്രശ്‌നമാവുന്നില്ല.
പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നതിലപ്പുറം സംഘടനകള്‍ മൗനത്തിലാവുമ്പോള്‍ ജീവനക്കാര്‍ ആരോടാണ് തങ്ങളുടെ സങ്കടം പറയേണ്ടതെന്നാണ് ചോദ്യം ഉയരുന്നത്.