തിരുശേഷിപ്പുകളുടെ ദര്‍ശനവും വണക്കവും തളിപ്പറമ്പില്‍ ആരംഭിച്ചു, നാളെ (മെയ്-18 ന്) സമാപിക്കും.

തളിപ്പറമ്പ്: തിരുശേഷിപ്പുകളുടെ ദര്‍ശനവും വണക്കവും തളിപ്പറമ്പില്‍ ആരംഭിച്ചു, നാളെ (മെയ്-18 ന്) സമാപിക്കും.

ഈശോയുടെ തിരുസ്ലീവായുടെ തിരുശേഷിപ്പ് മുതല്‍ പുതിയ തലമുറയിലെ വിശുദ്ധനായ കാര്‍ലോസിന്റെ ഉള്‍പ്പെടെ തിരുസഭ വണങ്ങുന്ന ആയിരത്തി അഞ്ഞൂറില്‍പരം തിരുശേഷിപ്പുകള്‍ ഒന്നിച്ച് അണി നിരത്തിയിരിക്കയാണ് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍.

സ്വര്‍ഗ്ഗത്തില്‍ വാഴുന്ന പുണ്യാത്മാക്കളെ ദര്‍ശിക്കുവാനും വണങ്ങുവാനും അതിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാനും സാധിക്കുന്ന പുണ്യ അവസരമാണ് വിശ്വാസികള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ഈശോയുടെ ശിരസ്സില്‍ അണിയിച്ച മുള്‍ക്കിരീടത്തിന്റെ അംശം, പരിശുദ്ധ മാതാവിന്റെ ശിരോവസ്ത്രഭാഗം, വിശുദ്ധ യൗസേപ്പിതാവിന്റെ വസ്ത്രഭാഗം, 12 ശ്ലീഹന്മാരുടേയും, വിശുദ്ധ എസ്തപ്പാനോസ്, പൗരസ്ത്യ പിതാക്കന്മാര്‍ എന്നിവരുടെ പുണ്യഭാഗങ്ങള്‍, ഭാരതത്തില്‍ നിന്നുള്ള വിശുദ്ധ അല്‍ഫോന്‍സ, ചാവറയച്ചന്‍, മറിയം ത്രേസ്യ തുടങ്ങിയ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ എല്ലാം ഒന്നിച്ച് കാണുവാനും വണങ്ങുവാനുമുള്ള അവസരമാണിത്.

വലിയ തുക മുടക്കി യാത്രചെയ്തും ത്യാഗങ്ങള്‍ സഹിച്ച് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചും ലഭിക്കുന്ന ഈ ഭാഗ്യം നമ്മുടെ സമീപത്ത് എത്തിയിരിക്കുകയാണെന്ന് തളിപ്പറമ്പ് ഫൊറോന വികാരി ഫാ.മാത്യു ആശാരിപ്പറമ്പില്‍ പറഞ്ഞു.

മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇത് വിശ്വാസവളര്‍ച്ചക്കും ആത്മീയ ഉണര്‍വിനും ഉപകരിക്കുന്നതാണിത്.

ഇന്ന് രാവിലെ തലശ്ശേരി അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പ്രദര്‍ശനവും വണക്കവും ഉദ്ഘാടനം ചെയ്തു.

ഫാ.എപ്രം കുന്നപ്പള്ളി, കാര്‍ലോ ഒക്റ്റിക്‌സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ജോയിസ് അപ്രം, വൈസ് പ്രസിഡന്റ് അജീഷ് ഗ്രൂപ്പ് അംഗങ്ങളായ ബ്രദര്‍ സണ്ണി മണ്ണാപറമ്പില്‍, ബ്രദര്‍ പാര്‍ദിപ് ജോണ്‍, ബ്രദര്‍ ബിനു എന്നിവര്‍ പങ്കെടുത്തു.

തികച്ചും സൗജന്യമായി ഒരുക്കുന്ന ഈ പ്രദര്‍ശനം താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും രാവിലെ 7.30 മുതല്‍ രാത്രി 7.30 വരെയാണ് സന്ദര്‍ശിക്കാവുന്നതാണ്.