നടപടി നിയമോപദേശത്തിന് ശേഷം മാത്രം- ശാസനകള്‍ക്ക് വഴങ്ങില്ല-കല്ലിങ്കീല്‍.

തളിപ്പറമ്പ്: ക്രമക്കേട് നടത്തിയതായിആരോപണ വിധേയനായ ജീവനക്കാരനെതിരെ നിയമോപദേശത്തിന് ശേഷം മാത്രമേ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ വ്യക്തമാക്കി.

പ്രതിപക്ഷ ആരോഹണത്തെ തുടര്‍ന്ന് അന്വേഷണം നടത്തി സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് നിയമോപദേശത്തിനായി വിട്ടിരിക്കുന്നത്.

മറുപടി ലഭിക്കുന്ന മുറക്ക് നടപടികളുണ്ടാകുമെന്നും കല്ലിങ്കീല്‍ പറഞ്ഞു.

എന്നാല്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രതിപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്തുമെന്നും സി.പി.എം കൗണ്‍സിലര്‍മാരായ ഒ.ഒ.സുഭാഗ്യവും
സി.വി.ഗിരീശനും മുന്നറിയിപ്പ് നല്‍കിയെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടപടികളുണ്ടാവുകയുള്ളൂവെന്നും ആരുടെയും ശാസനകള്‍ക്ക് വഴങ്ങി ഒരു നടപടിയും സ്വീകരിക്കില്ലെന്നും കല്ലിങ്കീല്‍ വ്യക്തമാക്കി.

ഗവ.താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികളും ജീവനക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ബി.ജെ.പി കൗണ്‍സിലര്‍ പി.വി.സരേഷും കൗണ്‍സില്‍ മുമ്പാകെ ഉന്നയിച്ചു.

ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.

2-25-26 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ ഗുണഭോകൃത് പദ്ധതികളുടെ ലിസ്റ്റ് കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

കെ.വല്‍സരാജന്‍, കെ.എം.ലത്തീഫ്, കെ.രമേശന്‍, എം.കെ.ഷബിത, പി.പി.മുഹമ്മദ്‌നിസാര്‍, വി.വിജയന്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.