ഓസിയൊഴിക്കലുകാരെകൊണ്ട് പൊറുതിമുട്ടി മൂത്രപ്പുര നടത്തിപ്പുകാരന്‍

തളിപ്പറമ്പ്: ഓസി ഒഴിക്കലുകാരെ കൊണ്ട് പൊറുതിമുട്ടി കംഫര്‍ട്ട് സ്റ്റേഷന്‍ കരാറുകാരന്‍.

തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ കരാറുകാരനാണ് ഓസിയൊഴിക്കലുകാരെക്കൊണ്ട് പുലിവാലുപിടിച്ചത്.

9 ലക്ഷം രൂപക്കാണ് 10 മാസത്തേക്ക് തളിപ്പറമ്പ് നഗരസഭയിലെ മൂത്രപ്പുര കരാറെടുത്തത്.

മൂത്രപ്പുരക്ക് 3 രൂപയും ശുചിമുറിക്ക് 5 രൂപയുമാണ് ചാര്‍ജ് ഈടാക്കാന്‍ നഗരസഭയുമായി ധാരണ.

എന്നാല്‍ ബസ്റ്റാന്റ് ഫീസ് കൊടുക്കുന്നതിനാല്‍ ബസ് ജീവനക്കാരെ ഇതില്‍ നിന്നും ഒഴിവാക്കിയിരുന്നു.

പക്ഷെ, നഗരത്തിലെ ഓട്ടോറിക്ഷക്കാര്‍ മുഴുവന്‍ സൗജന്യമായി മൂത്രപ്പുര ഉപയോഗിക്കുന്നതായി കരാറുകാരന്‍ പരിഭവിക്കുന്നു.

ഇത് കൂടാതെ സര്‍ക്കാര്‍ ജീവനക്കാരില്‍ പലരും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റാണ് എന്നു പറഞ്ഞ് സൗജന്യമായി കംഫര്‍ട്ട് സ്റ്റേഷന്‍ ഉപയോഗിക്കുന്നു.

ഒരു മാസം 90,000 രൂപ നഗരസഭയില്‍ അടക്കാന്‍ ബുദ്ധിമുട്ടുകയാണ് കരാറുകാരന്‍.

മൂത്രപ്പുര ഉപയോഗിക്കാന്‍ 5 രൂപ ഈടാക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍

ഓണ്‍ലൈന്‍ന്യൂസ് പ്രതിനിധി കരാറുകാരനുമായി ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം ഓസിക്കാരെകൊണ്ടുള്ള ദുരിതം വെളിപ്പെടുത്തിയത്.