ആക്രിസാധനങ്ങളുടെ ലേലനടപടികളില്‍ ക്രമക്കേട്, നഗരസഭ ജീവനക്കാരന് സസ്‌പെന്‍ഷന്‍.

തളിപ്പറമ്പ്: ആക്രിസാധനങ്ങളുടെ ലേലനടപടികളില്‍ ്രകമക്കേട്, നഗരസഭ ജീവനക്കാരന് സസ്‌പെന്‍ഷന്‍.

തളിപ്പറമ്പ് നഗരസഭയിലെ വി.വി.ഷാജിയെയാണ് തദ്ദേശസ്വയംഭരണ വകുപ്പ് സസ്‌പെന്റ് ചെയതത്.

തളിപ്പറമ്പ് നഗരസഭയിലെ ആക്രി സാധനങ്ങള്‍ ലേലം ചെയ്യുന്നതിന് 2024 ജൂലൈ മാസം 26-ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നു.

മുന്‍കൂര്‍ അനുമതി നല്‍കിയ വിഷയങ്ങള്‍ക്ക് തൊട്ടടുത്ത് ചേരുന്ന കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരം വാങ്ങണമെന്നിരിക്കെ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയായും കൗണ്‍സിലിന്റെ അംഗീകാരം വാങ്ങിയില്ല.സി.പി.എം നേതാവും നഗരസഭ കൗണ്‍സിലറുമായ സി.വി.ഗിരീശനാണ് പ്രശ്‌നം കൗണ്‍സില്‍ മുമ്പാകെ കൊണ്ടുവന്നത്.

വിവരാവകാശ പ്രകാരം ഫയല്‍ കോപ്പി ലഭിച്ചപ്പോഴാണ് ഞെട്ടിക്കുന്ന അഴിമതിയുടെ തെളിവുകള്‍ പുറത്ത് വരുന്നത്.

2025 മെയ് 22 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് വിഷയം പ്രതിപക്ഷം ഉന്നയിച്ചത്.

കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

2025 ജൂലൈ 27 ന് ചേര്‍ന്ന സ്റ്റീയറിങ്ങ് കമ്മറ്റി പരിശോധിക്കുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

6 മാസം കഴിഞ്ഞിട്ടും നടപടി എടുക്കാതെ ജീവനക്കാരനെ സംരക്ഷിച്ചു നിര്‍ത്തുകയായിരുന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് നടപടി.

കൗണ്‍സില്‍ യോഗങ്ങളില്‍ പ്രശ്‌നം രൂക്ഷമാകുന്നത് കൊണ്ട് കൗണ്‍സില്‍ യോഗം ചേരുന്നത് പോലും നീട്ടി കൊണ്ടുപോയി.

കഴിഞ്ഞ മാസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പാസ്സാക്കേണ്ടതായ 60 ക്ഷേമ പെന്‍ഷനുകളും വിധവകളുടെ മകളുടെ വിവാഹ ധന സഹായങ്ങള്‍ പോലും അജണ്ടയില്‍ ഉള്‍പ്പെടുത്താതെ 3 അജണ്ടകള്‍ മാത്രം ഉള്‍പ്പെടുത്തി അടിയന്തിര കൗണ്‍സില്‍ യോഗം ചേര്‍ന്നു.

പാവങ്ങള്‍ക്ക് ലഭിക്കേണ്ടതായ ഒരു മാസത്തെ പെന്‍ഷന്‍ ഇല്ലാതാക്കിയത് പോലും അഴിമതിക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

നഗരസഭാ കൗണ്‍സിലര്‍ സി.വി.ഗിരീശന്‍ വിഷയം സംബന്ധിച്ച് ജോയന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയും പരാതിയില്‍ മേല്‍ ജെ.ഡി. നഗരസഭാ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായക്കോട് കണ്ടെത്തുകയും ചെയ്തു.

റിപ്പോര്‍ട്ട് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് (തിരുവനന്തപുരം ) നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ജീവനക്കാരന്‍ വി.വി.ഷാജിക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായത്.

ഇതോടെ ഈ വിഷയത്തില്‍ ഭരണപക്ഷത്തിലെ പ്രമുഖര്‍ക്ക് കൂടി പങ്കുണ്ടെന്ന സംശയം ബലപ്പെടുകയാണെന്ന് ഗിരീശന്‍ ആരോപിച്ചു.

ഈ ഉദ്യോഗസ്ഥനും മറ്റുള്ളവരും നടത്തിയതുമായ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കയാണ്.

കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള നഗരസഭ ജീവനക്കാരുടെ സംഘടനയായ മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ജില്ലാ പ്രസിഡന്റാണ് വി.വി.ഷാജി.