ഏഴാംമൈലിലേക്ക് ഓടിക്കയറുന്നത് ചന്ദ്രബാബുവോ ഹനീഫയോ-ഏഴാംമൈലില്‍ ബലാബലം

       ഡമ്മിയായി പത്രികനല്‍കിയത് പിന്‍വലിക്കാന്‍ മറന്നുപോയതുകൊണ്ടുമാത്രം മുസ്ലിംലീഗുകാരന്‍ സ്വതന്ത്രനായി രംഗപ്രവേശം ചെയ്യേണ്ടി വന്ന വാര്‍ഡാണ് ഏഴാംമൈല്‍.

കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇവിടെ അഞ്ച് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

സി.പി.എമ്മിലെ കെ.എം.ചന്ദ്രബാബു(58)എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായും ഹനീഫ ഏഴാംമൈല്‍(48) യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായം മല്‍സരിക്കുന്നു.

ഏതാണ്ട് തുല്യശക്തികളുടെ ബലാബലമാണ് ഏഴാംമൈലില്‍ നടക്കുന്നത്.

സി.പി.എം പ്രവര്‍ത്തകനെന്നതിലുപരി സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യമെന്ന നിലയില്‍ ജനകീയ വ്യക്തിത്വമാണ് റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ ചന്ദ്രബാബുവിനുള്ളത്.

മുന്‍ പ്രവാസി കൂടിയായ ഹനീഫ ഏഴാംമൈല്‍ സി.എച്ച്.സെന്റര്‍ ഗേവേണിംഗ് ബോഡി അംഗമെന്ന നിലയില്‍ ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമാണ്.

തളിപ്പറമ്പ് നഗരസഭയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ച മുന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍സത്താര്‍(56) ആന്റിന അടയാളത്തിലാണ് മല്‍സരിക്കുന്നത്.

ഹനീഫയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കുമ്പോള്‍ തന്നെ പിന്‍വലിക്കാനുള്ള അപേക്ഷയും ഒപ്പിട്ട് പാര്‍ട്ടിനേതൃത്വത്തിന് നല്‍കിയിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സത്താര്‍ പറയുന്നു.

മല്‍സര ചിത്രത്തില്‍ വന്നതോടെ സി.പി.എമ്മിന്റെ ഒരു വോട്ടെങ്കിലും ഭിന്നിപ്പിക്കാനാവുമോ എന്ന് പരീക്ഷിക്കാന്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തോട് സാമ്യമുള്ള ആന്റിനയാണ് ചിഹ്നമായി വാങ്ങിയത്.

ക്രിക്കറ്റ് ബാറ്റ് ചിഹ്നത്തില്‍ മല്‍സരിക്കുന്ന എം.കെ.അബ്ദുള്ളയാണ്(40) മറ്റൊരു സ്വതന്ത്രന്‍.

ബി.ജെ.പിക്ക് ഇവിടെ പിന്തുണക്കാന്‍ വാര്‍ഡിലെ വോട്ടറെ കിട്ടാതെ വന്നതോടെയാണ് സ്ഥാനാര്‍ത്ഥി ഇല്ലാതെ പോയത്.

ആകെ വോട്ടര്‍മാരുടെ എണ്ണം 789 ആണ്.

ഇതില്‍ 433 സ്ത്രീകളും 356 പുരുഷന്‍മാരുമാണ്.

മമ്പറമ്പ് കുറ്റിക്കോല്‍ നോര്‍ത്ത് എല്‍.പി.സ്‌ക്കൂളാണ് പോളിംഗ് സ്‌റ്റേഷന്‍.

ഏഴാംമൈലില്‍ നിന്ന് മുന്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ്.

ഇത്തവണ വാര്‍ഡ് വിഭജനത്തോടെ എല്‍.ഡി.എഫ് കൂടുതല്‍ കരുത്താര്‍ജിച്ചിട്ടുണ്ട്.

പൊതുവെ യു.ഡി.എഫ് ഭരണത്തോടുള്ള ഒരു വിപ്രതിപത്തി നേട്ടമാകുമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ്.