കക്കൂസ് വിപ്ലവത്തിന് ജനം കൊടുത്ത തിരിച്ചടി-30 വര്‍ഷത്തിന് ശേഷം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ ഭരണമാറ്റം.

നിര്‍മ്മാണം നടന്നുവരുന്ന കക്കൂസ് കോംപ്ലക്‌സ്

തളിപ്പറമ്പ്: മുപ്പത് വര്‍ഷത്തെ ഭരണത്തിന് ശേഷം തളിപ്പറമ്പ് ബ്ലോക്ക്പഞ്ചായത്ത് യു.ഡി.എഫ് ഭരണത്തിലേക്ക്.

1995 മുതല്‍ 2025 വരെ ഭരിച്ച എല്‍.ഡിഎഫിനെ വീഴ്ത്തിയാണ് ബ്ലോക്ക്പഞ്ചായത്തില്‍ ആദ്യമായി യു.ഡി.എഫ് ഭരണത്തിലെത്തുന്നത്.

നിലവിലുണ്ടായിരുന്ന സി.പി.എം പ്രാദേശികനേതാവ് സി.എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് ഭരണമാറ്റത്തിന് കാരണമായത്.

സി.പി.എം തങ്ങള്‍ക്കനുകൂലമായി നടത്തിയ വാര്‍ഡ് വിഭജനത്തെ പോലും മറികടക്കുന്ന വിധത്തില്‍ നേടിയ 9 സീറ്റുകളുടെ വിജയം യു.ഡി.എഫിനെ തന്നെ ഞെട്ടിച്ചിരിക്കയാണ്.

ബ്ലോക്ക് ഓഫീസിന് സമീപത്തെ 4 സെന്റ് മാത്രം ഭൂമിയുള്ള ഒരു കുടുംബത്തെ പ്രതികാരമതിലുയര്‍ത്തി കാറ്റും വെളിച്ചവും നിഷേധിച്ച സംഭവം വലിയ വിവാദത്തിന് കാരണമായിരുന്നു.

കുടുംബം ഇതിനെതിരെ നല്‍കിയ പരാതികളെല്ലാം സി.എം.കൃഷ്ണന്‍ ഭരണസ്വാധീനം ഉപയോഗിച്ച് അവഗണിക്കുകയായിരുന്നു.

താലൂക്ക് വികസനസമിതിയുടെ ഏകകണ്ഠമായ തീരുമാനം പോലും നടപ്പാക്കില്ലെന്ന് കൃഷ്ണന്‍ യോഗത്തില്‍ തന്നെ പറഞ്ഞത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

കുടുംബം കൃഷ്ണനെതിരെ മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ 30 വര്‍ഷത്തെ ഭരണത്തില്‍ ഏറ്റവും മോശപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണമായിരുന്നു സി.എം.കൃഷ്ണന്റെ നേതൃത്വത്തില്‍ നടന്നതെന്നതിന് അടിവരയിടുന്നതാണ് യു.ഡി.എഫ് വിജയം.

1995 ല്‍ ജയപുരം രാജുവായിരുന്നു ആദ്യത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. പിന്നീട് പി.വി.ചാത്തുക്കുട്ടി, ഇ.സുജാത, മനു തോമസ്, ടി.ലത എന്നിവരും പ്രസിഡന്റുമാരായി ഒരു വിവാദത്തിനും ഇടനല്‍കാതെ പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് വളപ്പില്‍ കോടികള്‍ ചെലവഴിച്ച് ഷി ലോഡ്ജ് നിര്‍മ്മിച്ചതും ജനാധിപത്യഫലകം തകര്‍ത്തെറിഞ്ഞ് കെട്ടിടം പണിതതും

24 കക്കൂസുകള്‍ നിലവിലിരിക്കെ സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിച്ച് 10 കക്കൂസുകളടങ്ങിയ കോംപ്ലക്‌സ് തന്നെ പണിയുകയും ചെയ്തതുള്‍പ്പെടെ നിരവധി ജനാധിപത്യ വിരുദ്ധ നട
പടികളാണ് കൃഷ്ണന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയത്.

ജനം ഇതിന് കനത്ത തിരിച്ചടി നല്‍കുകയും ചെയ്തു.

കക്കൂസ് ധൂര്‍ത്തിനെക്കുറിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് നല്‍കിയ വാര്‍ത്ത 1.32 ലക്ഷം ആളുകളാണ് കണ്ടത്.