നാടോടി കച്ചവടം കൊണ്ട് ജനം പൊറുതിമുട്ടി, ദേശീയപാതയില്‍ ഗതാഗതകുരുക്ക്.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിന്റെ ഏത് ഭാഗത്ത് തിരിഞ്ഞാലും ഇപ്പോള്‍ പ്ലാസ്റ്റിക്ക് ബോളുകളും കളിപ്പാട്ടങ്ങളും വില്‍ക്കുന്നവരാണ്.

കൃസ്തുമസ് പാപ്പയുടെ വേഷങ്ങളും മുഖംമൂടികളും ഇവര്‍ വില്‍പ്പന നടത്തുന്നുണ്ട്.

ദേശീയപാതയില്‍ ഇവരുടെ കച്ചവടം കാരണം വാഹനഗതാഗതം തടസപ്പെടുന്നത് നിത്യസംഭവമായിരിക്കുന്നു.

റോട്ടറി ജംഗ്ഷന്‍ മുതല്‍ ചിറവക്ക് വരെയുള്ള നഗരഹൃദയം ഇവരുടെ കയ്യിലാണെന്ന് തന്നെ പറയാം.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ഈ കച്ചവടസംഘം നഗരത്തില്‍ വലിയ ശല്യമായി മാറിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട നഗരസഭ അധികൃതരോ പോലീസോ ഒന്നും തന്നെ ചെയ്യുന്നില്ല.

വൈകുന്നേരങ്ങളില്‍ തിരക്കുകൊണ്ട് നഗരം വീര്‍പ്പുമുട്ടുമ്പോഴും വടികളില്‍ കുത്തിനിറച്ച പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങളുമായി ഇവര്‍ റോഡിലുണ്ട്.

ഇവര്‍ക്ക് വില്‍പ്പന നടത്താനായി പോലീസും നഗരസഭയും വേറെ സ്ഥലം കണ്ടെത്തി നല്‍കണം.

നഗരത്തില്‍ പൊതുജനങ്ങള്‍ക്ക് ശല്യമായി മാറുന്ന വിധത്തില്‍ ഇത്തരം കച്ചവടങ്ങള്‍ അനുവദിക്കാന്‍ പാടില്ല.

ഇവര്‍ വില്‍ക്കുന്ന പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങള്‍ പോലും നിരോധിത പ്ലാസ്റ്റിക്കുകള്‍ കൊണ്ടാണോ എന്ന് സംശയമുണ്ട്.

ഇതും പരിശോധിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളണം.

പ്രാഥമികകാര്യങ്ങള്‍ പോലും തുറന്നസ്ഥലത്ത് നടത്തുന്ന ഇവര്‍ നഗരത്തില്‍ വലിയ ശല്യമായി തന്നെ മാറിയിരിക്കയാണ്.

നാടോടികളുടെ ഈ അനധികൃത കച്ചവടത്തിനെതിരെ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.

നാടോടികച്ചവടം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും കാല്‍നടയാത്ര ചെയ്യാന്‍ പോലും സാധിക്കുന്നില്ലെന്ന് മെര്‍ച്ചന്റ്സ് അസോസിയേഷന്‍.

തളിപ്പറമ്പ്: നാടോടികളുടെ കച്ചവടം കാരണം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും കാല്‍നടയാത്ര ചെയ്യാന്‍ പോലും സാധിക്കുന്നില്ലെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍.

തളിപ്പറമ്പ് പട്ടണത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളായ ഹൈവേ, മെയിന് റോഡ്, ബസ്റ്റാന്‍ഡ് ജംഗ്ഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് അനധികൃതമായി കച്ചവടം നടത്തുന്ന നാടോടി കുടുംബങ്ങള്‍ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടാവുന്ന രീതിയില്‍ അനധികൃത കച്ചവടവും താമസവും തുടങ്ങിയിരിക്കുകയാണ്.

പ്രാഥമിക കാര്യങ്ങള്‍ പോലും വഴിവക്കിലും റോഡുകളിലും വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലും ചെയ്തുകൊണ്ട് വൃത്തിഹീനമായ സാഹചര്യം ഒരുക്കി ആരോഗ്യപ്രശ്നങ്ങള്‍ വരെ സൃഷ്ടിക്കുന്ന രീതിയിലാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കുടുംബങ്ങള്‍.

നഗരത്തിലെ പ്രധാന കവാടങ്ങളിലും ബസ്റ്റാന്‍ഡ് പരിസരങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്യാമ്പ് ചെയ്യുന്നത്.

വര്‍ഷത്തില്‍ കിട്ടുന്ന സീസണ്‍ കച്ചവടം ചെയ്യാനോ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കള്‍ക്ക് വരാനോ പൊതുജനങ്ങള്‍ക്ക് നടക്കാനോ സാധിക്കാത്ത രീതിയില്‍ വാഹനങ്ങളിലും സ്ഥാപനങ്ങളിലും വന്ന് കുട്ടികളും സ്ത്രീകളും വല്ലാത്ത രീതിയില്‍ ബുദ്ധിമുട്ടിക്കുകയാണ്.

ഇത് കണ്ടില്ലെന്ന് നടിക്കുന്ന അധികാരികള്‍ കണ്ണ് തുറക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

മുനിസിപ്പല്‍-പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അസോസിയേഷന്‍ പരാതി നല്‍കി.

പട്ടണത്തില്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും മനസമാധാനത്തോടും സ്വാതന്ത്രത്തോടും സഞ്ചരിക്കാനും ഉപജീവനം നടത്താനും സാഹചര്യം ഒരുക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ. എസ്.റിയാസ്, ജന. സെക്രട്ടറി വി.താജുദ്ദീന്‍, ട്രഷറര്‍ ടി.ജയരാജ് സെക്രട്ടറി കെ.കെ.നാസര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.