ഇരിക്കൂരില്‍ മത്സരിച്ച് മുഖ്യമന്ത്രിയാകാന്‍ കെ.സി. വേണുഗോപാല്‍

(പ്രത്യേക ലേഖകന്‍)

കണ്ണൂര്‍: ദേശീയ രാഷ്ട്രീയത്തിലെ തിരക്കുകള്‍ക്കിടയിലും സംസ്ഥാന നിയമസഭയിലേക്ക് തിരിച്ചിറങ്ങാനുള്ള തീരുമാനത്തിലാണ് കെ.സി. വേണുഗോപാല്‍.

മലബാര്‍ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇരിക്കൂര്‍ മണ്ഡലം തന്നെ അദ്ദേഹം പരിഗണിക്കുന്നതെന്നാണ് വേണുഗോപാലിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഇരിക്കൂര്‍ കോണ്‍ഗ്രസിന്റെ ശക്തമായ മണ്ഡലമായി തുടരുന്നതിനാല്‍, സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിന് അനുയോജ്യമായ വേദിയെന്ന നിലയിലാണ് കെ.സി. വേണുഗോപാല്‍ ഈ സീറ്റ് കാണുന്നത്.

വടക്കന്‍ കേരളത്തില്‍ പാര്‍ട്ടിയുടെ സംഘടനാ ശക്തി പുനരുജ്ജീവിപ്പിക്കാനും നിയമസഭയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ച് ജയിച്ചാല്‍ മുഖ്യമന്ത്രിയാകാനാണ് നീക്കമെന്ന് സൂചന.

സുധാകരന്‍ പക്ഷം നിര്‍ജീവമായതിനാല്‍ ആ പക്ഷത്തെ പ്രമുഖരുംഇപ്പോള്‍ കെസി ക്കൊപ്പമാണ്.

ഇത് സഹായകരമാകുമെന്നാണ് കെസി പക്ഷം വിലയിരുത്തുന്നത്.
നിലവിലെ എംഎല്‍എ സജീവ് ജോസഫ് വീണ്ടും മത്സരിക്കാന്‍ തയ്യാറാണെങ്കിലും, കെ.സി. വേണുഗോപാലിന്റെ താത്പര്യം ഹൈക്കമാന്‍ഡ് അംഗീകരിക്കുന്ന പക്ഷം സംഘടനാ തീരുമാനത്തിന്റെ ഭാഗമായി വഴിമാറാന്‍ അദ്ദേഹം സന്നദ്ധനാകുമെന്ന സൂചനകളാണ് ഉള്ളത്.

വേണുഗോപാലിന്റെ വിശ്വസ്തനായ അനുയായിയെന്നനിലയില്‍ പാര്‍ട്ടി തീരുമാനത്തോട് എതിര്‍പ്പുണ്ടാകില്ലെന്ന വിലയിരുത്തലും ഉയരുന്നു.

കെ.സി. വേണുഗോപാല്‍ നേരിട്ട് നിയമസഭാ പോരാട്ടത്തിലേക്ക് ഇറങ്ങുന്നത് മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസിനകത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ശക്തമായ നേതൃമുഖങ്ങളെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കണമെന്ന ഹൈക്കമാന്‍ഡ് തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

കെ.സി.വേണുഗോപാലിന്റെ താത്പര്യം ഔദ്യോഗിക തീരുമാനമാകുമോ എന്നതാണ് ഇനി ഉയരുന്ന ചോദ്യം.

ഹൈക്കമാന്‍ഡ് തലത്തിലുള്ള അന്തിമ തീരുമാനമാണ് ഇരിക്കൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ചിത്രം വ്യക്തമാക്കുക.