കരിപ്പത്ത് കോവിലകത്തിന്റെ ആസ്ഥാനകുളം മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം നവീകരിക്കുന്നു.

തളിപ്പറമ്പ്: കരിപ്പത്ത് കോവിലകത്തിന്റെ ചരിത്രമുറങ്ങുന്ന ആസ്ഥാനകുളം മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം നവീകരിക്കുന്നു.

1904 ല്‍ മലബാര്‍ ജില്ലയിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മദ്രാസ് പ്രസിഡന്‍സി മുന്‍കൈയെടുത്ത് കരിമ്പം ജില്ലാ കൃഷിഫാം ആരംഭിച്ചകാലത്ത് കൃഷിയാവശ്യങ്ങള്‍ക്കുള്ള ജലം ശേഖരിക്കാനാണ് ഈ കുളം ഉപയോഗിച്ചിരുന്നത്.

എന്നാല്‍ പിന്നീട് കരിമ്പം പുഴയില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചുതുടങ്ങിയതോടെ നാട്ടുകാര്‍ കുളിക്കാനും തുണിയലക്കാനുമായി കുളം ഉപയോഗപ്പെടുത്തിയിരുന്നു. ഫാം അധികൃതര്‍ ചുറ്റുമതില്‍ നിര്‍മ്മിച്ചതോടെ കഴിഞ്ഞ അരനൂറ്റാണ്ടുലേറെയായി കുളം കാടുമൂടിയ നിലയിലായിരുന്നു.

ഇത് നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

പതിനേഴാം നൂറ്റാണ്ടില്‍ കോലത്തിരി രാജവംശത്തിന്റെ ആദിരൂപമായിരുന്ന കരിപ്പത്ത് കോവിലകം നിലനിന്നിരുന്ന 52 ഏക്കര്‍ ഭൂവിസ്തൃതിയുള്ള പ്രദേശം 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തത്.

കരിപ്പത്ത് കോവിലകം നിലനിന്നിരുന്ന സ്ഥലമാണ് പിന്നീട് കരിമ്പമായി മാറിയത്.

ഇവിടെ കോവിലകത്തിന്റെ ഭാഗമായി ഉണ്ടായിരുന്നതാണ് നവീകരിക്കുന്ന പൗരാണികകുളം.

ഇപ്പോള്‍ കരിമ്പം ജില്ലാ കൃഷിഫാമില്‍ നബാര്‍ഡിന്റെ സഹായത്തോടെ നടന്നുവരുന്ന എട്ടുകോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് കുളം നവീകരിക്കുന്നത്.

29 മീറ്റര്‍ നീളത്തിലും 19 മീറ്റര്‍ വീതിയിലുമായി നവീകരിക്കുന്ന കുളത്തിന് ആറ് മീറ്റര്‍ ആഴവുമുണ്ടാകും.

കുളത്തില്‍ നിന്ന് മണ്ണ് നീക്കിത്തുടങ്ങിയതോടെ വലിയതോതില്‍ ഉറവ ഉണ്ടായതിനാല്‍ വെള്ളം പമ്പ് ചെയ്ത് മാറ്റിയാല്‍ മാത്രമേ കൂടുതല്‍ പ്രവൃത്തി ആരംഭിക്കാനാവൂ എന്ന് കരാറുകാരന്‍ പറഞ്ഞു.

19 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ലക്ഷ്യമിടുന്ന കുളത്തിന്റെ നവീകരണത്തിന് 57 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

പൊതുവെ വേനല്‍കാലത്ത് ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന കരിമ്പം പ്രദേശത്തെ ജലനിരപ്പ് ഉയര്‍ത്താനും ഫാമിലെ കൃഷി ആവശ്യങ്ങള്‍ക്ക് പമ്പ്ഹൗസ് സ്ഥാപിച്ച് വെള്ളം കൊണ്ടുപോകാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കൃഷിഫാം സൂപ്രണ്ട് കെ.പി.രസ്ന പറഞ്ഞു.

കരിപ്പത്ത് കോവിലകത്തെ ഉദയവര്‍മ്മ രാജാവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട കുളം നവീകരിക്കുന്നതോടെ കോവിലകത്തിന്റെ ഭാഗമായി ഇന്നും ഫാമിനകത്ത് അവശേഷിച്ചിട്ടുള്ള കിണറും മറ്റ് അവശിഷ്ടങ്ങളും ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടുവരുന്നുണ്ട്.

ഈ ആവശ്യവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പൊതുപ്രവര്‍ത്തകന്‍ ആനപ്പള്ളി ഗോപാലന്റെ നേതൃത്വത്തില്‍ സര്‍ക്കാറിലേക്ക് നിവേദനം നല്‍കിയിട്ടുണ്ട്.