തളിപ്പറമ്പ് നഗരസഭ സര്‍വകക്ഷി സംഘം ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ മന്ത്രിയെ കാണും

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ട്രീറ്റ്‌മെന്റ്പ്ലാന്റ് സംഭരണശേഷി ഉയര്‍ത്താനുള്ള അനുമതിക്കായി നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി പ്രതിനിധിസംഘം തിരുവനന്തപുരത്ത് വ്യവസായമന്ത്രിയെ കാണും.

ഇന്ന് നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നഗരപരിധിയിലെ മലിനജലം മുഴുവന്‍ ശുദ്ധീകരിക്കാന്‍ പാളയാട് നിലവിലുള്ള പ്ലാന്റിന്റെ സംഭരണശേഷി .05 എം.എല്‍.ഡിയില്‍ നിന്ന് ഒരു എം.എല്‍.ഡിയായി ഉയര്‍ത്തേണ്ടതുണ്ട്.

ഇതിന് വേണ്ടിയുള്ള 11 സെന്റ് സ്ഥലം
വീവേഴ്‌സ് സൊസൈറ്റിയില്‍ നിന്ന് ഏറ്റെടുക്കാന്‍ കഴിഞ്ഞ ഭരണസമിതി കേന്ദ്രഫണ്ടില്‍ നിന്നും രണ്ട് കോടി രൂപ മാറ്റിവെച്ചിരുന്നു.

എന്നാല്‍ വീവേഴ്‌സ് സൊസൈറ്റിയുടെ സ്ഥലം നഗരസഭക്ക് ലഭിക്കാന്‍ വ്യവസായ വകുപ്പിന്റെ എന്‍.ഒ.സി ആവശ്യമായതിനാല്‍ ഇത് സാങ്കേതികമായി കൈമാറുന്നതിന് തടസം നിലനില്‍ക്കുകയാണ്.

തടസം ഒഴിവാക്കി സ്ഥലം അനുവദിച്ചുകിട്ടുന്നതിന്റെ ഭാഗമായിട്ടാണ് അടുത്ത ദിവസം തന്നെ കക്ഷിനേതാക്കളായ ടി.ബാലകൃഷ്ണന്‍, അശോക് കുമാര്‍ അഞ്ചാമര എന്നിവരും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ പുല്ലായിക്കൊടി ചന്ദ്രന്‍ എന്നിവരും മന്ത്രിയെ കാണുന്നത്.

പുളിമ്പറമ്പ് വ്യവസായ എസ്റ്റേറ്റിലെ കക്കൂസ് മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാതെ പുറത്തേക്ക് ഒഴുകുന്നതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ചെയര്‍പേഴ്സന്‍ ആരോഗ്യ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

 വാര്‍ഡ് കൗണ്‍സിലര്‍ ടി.നിഷയാണ് ഇക്കാര്യം കൗണ്‍സില്‍ മുമ്പാകെ ഉന്നയിച്ചത്.

പുളിമ്പറമ്പിലും പുഷ്പഗിരി ഗാന്ധിനഗറിലും നിര്‍മ്മിച്ച വാട്ടര്‍അതോറിറ്റിയുടെ കുടിവെള്ള ടാങ്കുകള്‍ മാര്‍ച്ച് 5 ന് ഉദ്ഘാടനം ചെയ്യാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

കെ.വി.മുഹമ്മദ്കുഞ്ഞി, ടി.ബാലകൃഷ്ണന്‍, കെ.എം.ലത്തീഫ്, എം.പി.സജീറ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ അധ്യക്ഷത വഹിച്ചു.