തളിപ്പറമ്പില്‍ വികസനപൊളിക്കല്‍ തുടരട്ടെ-സൗന്ദര്യം ഒഴുകട്ടെ-ജനം വെന്തുരുകട്ടെ

തളിപ്പറമ്പ്; തളിപ്പറമ്പ് നഗരത്തില്‍ വികസന പൊളിക്കല്‍ തുടരുന്നു.

ദേശീയപാതയോരത്ത് ചിറവക്കില്‍ 16 മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ബസ് വെയിറ്റിംഗ് ഷെല്‍ട്ടറാണ് പൊളിച്ചടുക്കി ലോറിയില്‍ കയറ്റിക്കൊണ്ടുപോയത്.

ഇതിന് എതിര്‍വശത്ത് നിര്‍മ്മിച്ച ഷെല്‍ട്ടറും അടുത്ത ദിവസം പൊളിക്കുമെന്നാണ് വിവരം.

തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സനോടോ മറ്റ് ബന്ധപ്പെട്ടവരോടോ ഒരു വാക്കുപോലും ചോദിക്കാതെയാണ് ഷെല്‍ട്ടര്‍ പൊളിച്ചത്. 

2024 നവംബര്‍ 26 നാണ് അന്നത്തെ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഇത് ഉദ്ഘാടനം ചെയ്തത്.

വര്‍ഷങ്ങളായി ചിറവക്കില്‍ ബസ് ഷെല്‍ട്ടര്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടുവരികയായിരുന്നു.

താലൂക്ക് വികസനസമിതിയില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.

അന്നത്തെ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭനും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ്‌നിസാറും ഇതിനായി ഏറെ പ്രയത്‌നിച്ചിരുന്നു.

നേത്രജ്യോതി കണ്ണാശുപത്രിയാണ് രണ്ടരലക്ഷം രൂപ മുടക്കി ഈ ഷെല്‍ട്ടര്‍ നിര്‍മ്മിച്ചു നല്‍കിയത്.

മറ്റൊരു സ്‌പോണ്‍സറാണ് ഇതിന് എതിര്‍വശത്ത് പൊളിക്കാന്‍ തീരുമാനിച്ച ഷെല്‍ട്ടര്‍ പണിതത്.

ഇവിടെ രണ്ടിടങ്ങളിലും എം.എല്‍.എയുടെ സൗന്ദര്യവല്‍ക്കരണ പരിപാടില്‍ ഉള്‍പ്പെടുത്തി പുതിയ ഷെല്‍ട്ടര്‍ വരുമെന്നാണ് വിവരം.

എം.എല്‍.എയുടെ സൗന്ദര്യവല്‍ക്കരണത്തിന് വേണ്ടി സി.കെ.പി.പത്മനാഭന്‍ എം.എല്‍.എ ആയിരുന്ന കാലത്ത് നഗരസഭ ബസ്റ്റാന്റിന് മുന്നില്‍ സ്ഥാപിച്ച ഒരു കേടുപാടുമില്ലാത്ത ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റിയിരുന്നു.

ഇവിടെ 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഷെല്‍ട്ടര്‍ അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്.

16 മാസം മുമ്പ് തന്നെ നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തേക്കുറിച്ച് എം.എല്‍.എ തന്നെ വിശദമായ പ്രഖ്യാപനങ്ങള്‍ പൊതുവേദിയില്‍ നടത്തിയിരുന്നു.

അങ്ങിനെയെങ്കില്‍ എന്തിനാണ് രണ്ട് സ്‌പോണ്‍സര്‍മാരുടെ ലക്ഷക്കണക്കിന് രൂപ ഉപയോഗിച്ച് ഇവിടെ ഷെല്‍ട്ടര്‍ പണിതത് എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

കനത്ത ചൂടില്‍ ജനം വെന്തുരുകുമ്പോഴാണ് ഷെല്‍ട്ടറുകള്‍ പൊളിച്ചത്. ഇനി മഴ വരാന്‍ അധികനാളില്ല.

വികസന ഷെല്‍ട്ടര്‍ അതിന് മുമ്പായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുമോ-അതുവരെ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തുമോ-ഇതിനൊന്നും ഉത്തരമില്ല.

തളിപ്പറമ്പില്‍ വികസനപൊളിക്കല്‍ തുടരട്ടെ-സൗന്ദര്യം ഒഴുകട്ടെ-ജനം വെന്തുരുകട്ടെ.