സത്യമറിയാനുള്ള അവകാശം മാധ്യമങ്ങള്‍ നിഷേധിക്കരുത്. ടി.ഐ. മധുസൂദനന്‍ എം.എല്‍.എ.

പയ്യന്നൂര്‍: മാധ്യമങ്ങളുടെ കിടമത്സരവും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും വ്യാപനവും സത്യമറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുണ്ടാക്കിയിട്ടുള്ളതെന്ന് ടി.ഐ.മധുസൂദനന്‍ എം.എല്‍.എ.

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നന്നായി പ്രവര്‍ത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്കുള്ള 2024 ലെ കെ.രാഘവന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം മാധ്യമം പയ്യന്നൂര്‍ ലേഖകന്‍ രാഘവന്‍ കടന്നപ്പള്ളിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

10,000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് കുടുംബാംഗങ്ങളുടെ സഹകരണത്തോടെ രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാര സമിതി 2014 മുതല്‍ നല്‍കി വരുന്നതാണ്.

അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ നടന്ന ചടങ്ങില്‍ വി.എം.ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

മാതൃഭൂമി റിട്ട ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഫോക് ലാന്‍ഡ് ചെയര്‍മാന്‍ അഡ്വ.വി.ജയരാജന്‍, പി.ഹരിശങ്കര്‍, പ്രസ് ഫോറം സെക്രട്ടറി കെ.പവിത്രന്‍, മാതൃഭൂമി പയ്യന്നൂര്‍ ലേഖകന്‍ പി.സുധീഷ് എന്നിവര്‍ ആദര പ്രസംഗം നടത്തി.

രാഘവന്‍ കടന്നപ്പള്ളി മറുപടി പ്രസംഗം നടത്തി.

കെ.കെ.കുഞ്ഞിരാമ പൊതുവാളുടെ സ്മരണക്ക് സി.വി. സൗദാമിനി ഗ്രന്ഥാലയത്തിന് സംഭാവന ചെയ്ത പുസ്തക ശേഖരം സി.വി. ഭാനുമതി ടീച്ചര്‍ ഗ്രന്ഥാലയം പ്രസിഡന്റ് വി.എം.ദാമോദരന് കൈമാറി.

യു.രാജേഷ് സ്വാഗതവും പുരസ്‌കാര സമിതി ചെയര്‍മാന്‍ എ.കെ.പി.നാരായണന്‍ നന്ദിയും പറഞ്ഞു.