പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകം-അമ്മയും മാതാപിതാക്കളും അറസ്റ്റില്‍.

തൊടുപുഴ: രണ്ടര മാസം മുന്‍പ് മുത്തശ്ശിക്കൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു.

സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും അമ്മയുടെ മാതാപിതാക്കളും അറസ്റ്റിലായി.

ചെമ്മണ്ണാര്‍ പുത്തന്‍പുരയ്ക്കല്‍ ചിഞ്ചു (27), ചിഞ്ചുവിന്റെ മതാപിതാക്കളായ ശലോം (64), ഫിലോമിന (56) എന്നിവരെ ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തു.

രാത്രി കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ ഭിത്തിയില്‍ ഇടിക്കുകയായിരുന്നുവെന്നും കുഞ്ഞിനു അനക്കമില്ലെന്നു കണ്ടതോടെ ഫിലോമിനയും ശലോമും ഫിലോമിനയും ചേര്‍ന്നു കഥ മെനയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

56 ദിവസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ മരിച്ച നിലയിലും സമീപം ഫിലോമിനയെ അവശനിലയിലും വീടിനു സമീപത്തെ ഏലത്തോട്ടത്തില്‍ ഓഗസ്റ്റ് 16-നാണു കണ്ടെത്തിയത്.

പുലര്‍ച്ചെ നാലോടെ ഫിലോമിനയേയും കുഞ്ഞിനേയും കാണാതായെന്നാണ് ശലോം പറഞ്ഞത്.

പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ രാവിലെ എട്ടോടെയാണ് ഇരുവരേയും കണ്ടെത്തിയത്.

തലയ്‌ക്കേറ്റ ക്ഷതമാണു മരണ കാരണമെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.