അധികൃതരുടെ അനാസ്ഥ മിനി കംഫര്‍ട്ട് സ്റ്റേഷന്‍ നോക്കുകുത്തിയായി

ധര്‍മ്മശാല: അധികൃതരുടെ അനാസ്ഥ മിനി കംഫര്‍ട്ട് സ്റ്റേഷന്‍ നോക്കുകുത്തിയായി.

കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ കീഴിലുള്ള മലനാട്-നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററിനോട് ചേര്‍ന്ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മിനി കംഫര്‍ട്ട് സ്റ്റേഷനാണ് ഉപയോഗശൂന്യമായത്.

ഇത് അടച്ചിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി.

കെട്ടിടത്തിന് ചുറ്റും കാടുമൂടി കിടക്കുന്നത് മദ്യപന്മാര്‍ക്ക് പകലും ഒരു അനുഗ്രഹമായി തീര്‍ന്നിരിക്കുകയാണ്.

ഇഴജന്തുക്കളുടെ ശല്യം വേറെയും.

ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ പരിപാലിക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധം ശക്തമാണ്.

ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ അടിയന്തര ഇടപെടലുകള്‍ നടത്തി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.എന്‍.ആന്തൂരാന്‍ അറിയിച്ചു.