ഗ്ലോബല്‍ ഇന്ത്യന്‍ ഡിജിറ്റല്‍ ഫെസ്റ്റ് 2026 ന് കവ്വായി സ്‌കൂളില്‍ ശനിയാഴ്ച്ച തുടക്കം

പയ്യന്നൂര്‍: കവ്വായി ഖായിദെ മില്ലത്ത് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സൈബര്‍ സ്‌ക്വയറുമായി സഹകരിച്ച് നടത്തുന്ന അഞ്ചാമത് ഗ്ലോബല്‍ ഇന്ത്യന്‍ ഡിജിറ്റല്‍ ഫെസ്റ്റ് 2026 ശനിയാഴ്ച കവ്വായിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍സ്‌ക്വയര്‍ യു.എസ്.എ, കെ.എസ്.എ, യു.എ.ഇ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ദുബൈ യൂനിവേഴ്‌സിറ്റിയില്‍ നടന്ന ഡിജിറ്റല്‍ ഫെസ്റ്റില്‍ കവ്വായി ഖായിദെ മില്ലത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തതായി ഭാരവാഹികള്‍ പറഞ്ഞു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 50 ഓളം സ്‌കൂളുകളില്‍ നിന്നും മുന്നൂറിലധികം വിദ്യാര്‍ഥികളാണ് ഡിജിറ്റല്‍ ഫെസ്റ്റിന്റെ ഭാഗമായുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ കവ്വായില്‍ എത്തുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതിയ കാലത്തെ ടെക്‌നോളജിക്ക് വേദി ഒരുക്കി സാങ്കേതിക വിദ്യയുടെ പുതിയ കാലത്തെ പ്രതീക്ഷകളുടെ വാതായനങ്ങള്‍ തുറക്കുകയാണ് പയ്യന്നൂര്‍ കവ്വായി ഖായിദെ മില്ലത്ത് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍.

ഫെസ്റ്റ് ശനിയാഴ്ച രാവിലെ 9.30 ന് മുന്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉല്‍ഘാടനം ചെയ്യും.

പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ.സരിന്‍ ശശി, കെ.ടി.സഹദുള്ള എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

തുടര്‍ന്ന് ആറ് വേദികളിലായി ഡിജിറ്റല്‍ ഫെസ്റ്റ് മത്സരങ്ങള്‍ നടക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ടി.ഐ.മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

വാര്‍ത്ത സമ്മേളനത്തില്‍ എജ്യുക്കേഷണല്‍ സൊസൈറ്റി ചെയര്‍മാന്‍ ടി.ജാഫര്‍, ജന.സെക്രട്ടറി വി.യു.അമീറലി, ഫായിസ് കവ്വായി, മുബശ്ശിര്‍ തയ്യില്‍, റസീന മുസ്തഫ, എ.കെ.പി.സല്‍മാന്‍ എന്നിവര്‍ പങ്കെടുത്തു.