ലൈസന്‍സ് വേണ്ട-കുട്ടികള്‍ക്ക് ബൈക്ക് വാടകക്ക് നല്‍കുന്ന സംഘം തളിപ്പറമ്പില്‍ വിലസുന്നു.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവണ്ട, ലൈസന്‍സും വേണ്ട-അടിച്ചുപൊളിക്കാന്‍ തളിപ്പറമ്പില്‍ ബുള്ളറ്റ് ഉള്‍പ്പെടെ പുതുപുത്തന്‍ ടൂവീലറുകള്‍ റെഡി.
ഒരു ദിവസത്തേക്ക് 1000 രൂപവരെ വാടക ഈടാക്കി ടൂവീലറുകള്‍ കുട്ടികള്‍ക്ക് നല്‍കുന്ന സംഘം തളിപ്പറമ്പില്‍ വിലസുന്നു.
മൂന്നോ നാലോ കുട്ടികള്‍ ഷെയറിട്ടാണ് ബൈക്കുകള്‍ വാടകക്ക് എടുക്കുന്നത്.
മധ്യവേനല്‍ അവധി ആരംഭിച്ചതോടെ ബൈക്ക് കിട്ടാന്‍ മുന്‍കൂര്‍ പണം നല്‍കി ബുക്കിംഗ് ആരംഭിച്ചതായും വിവരമുണ്ട്.
സീസണ്‍ മുതലെടുത്ത് കൂടുതലാളുകള്‍ ഈ രംഗത്തേക്ക് വന്നുകൊണ്ടിരിക്കുകയുമാണ്.
വിശേഷ ദിവസങ്ങളില്‍ വാടക 2000 രൂപ വരെ ഉയരും.
പോലീസിന്റെ മൗനാനുവാദം കൂടിയായതോടെ പുതിയ പുതിയ സംഘങ്ങള്‍ ഈ രംഗത്തേക്ക് വന്നു കൊണ്ടിരിക്കയാണ്.
മൂന്നും നാലും പേരടങ്ങുന്ന യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ ബൈക്കുകള്‍ വാടകക്കെടുത്ത് നഗരത്തിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങുന്നത്.
ഒരുമാസം കൊണ്ട് തന്നെ ഇത്തരം അനധികൃത ബൈക്ക് വാടകക്കാര്‍ക്ക് വാഹനത്തിന് മുടക്കിയതിന്റെ ഇരട്ടിയിലേറെയാണ് ലാഭം കിട്ടിയത്.
അതുകൊണ്ട് തന്നെ പുതിയ വാഹനങ്ങള്‍ പുറത്തിറക്കി കച്ചവടം വിപുലമാക്കി വരികയാണ്.
ഇത്തരത്തില്‍ വാടകക്ക് നല്‍കിയ ഒരു ബൈക്ക് കരിമ്പം പ്രദേശത്ത് അപകടത്തില്‍ പെട്ടത് കസ്റ്റഡിയിലെടുത്ത പോലീസ് കേവലം നിസാരമായ തുക അടപ്പിച്ചാണ് ഇത് വിട്ടുനല്‍കിയത്.
ലൈസന്‍സില്ലാത്ത കുട്ടികള്‍ക്ക് ടൂവീലറുകള്‍ വാടകക്ക് നല്‍കുന്നത് വലിയ കുറ്റകൃത്യമാണെങ്കിലും പോലീസ് നടപടി സ്വീകരിക്കാത്തതാണ് ഇത് വ്യാപകമാകാന്‍ കാരണമെന്നാണ് വിവരം.
തളിപ്പറമ്പ് മെയിന്‍ റോഡിലെ ബി.ഇ.എം.പി എല്‍.പി സ്‌ക്കൂള്‍ പരിസരം കേന്ദ്രീകരിച്ചാണ് ബൈക്ക് വാടക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
പോലീസും മോട്ടോര്‍വാഹന വകുപ്പും സംയുക്തമായി ഇടപെട്ട് ഇത് അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ബൈക്ക് വാടക സംഘടിപ്പിക്കാന്‍ കുട്ടികള്‍ കഞ്ചാവ്-മയക്കുമരുന്ന് വില്‍പ്പനക്ക് പോലും തയ്യാറാവുമെന്നിരിക്കെ സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രവണത തടയാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കയാണ്.
രക്ഷിതാക്കള്‍ കുട്ടികളെ കാര്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ മദ്യ-മയക്കുമരുന്ന് മാഫിയകള്‍ അവരെ ഉപയോഗപ്പെടുത്താനും ഇടയുണ്ട്.