പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകള്‍ 90 ആയി ഉയര്‍ത്തി-ശനിയാഴ്ച്ചയും ടെസ്റ്റ് നടക്കും(കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇംപാക്ട്)

തളിപ്പറമ്പ്: തളിപ്പറമ്പ് ജോ.ആര്‍.ടി.ഒ ഓഫീസ് ഉള്‍പ്പെടെ ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന ഓഫീസുകളില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 90 ആയി വര്‍ദ്ധിച്ചുകൊണ്ട് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവായി.

തളിപ്പറമ്പില്‍ എണ്ണായിരത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

കോവിഡ് ബാധക്ക് ശേഷം ജൂലായ് 19 നാണ് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചത്.

രണ്ട് എം.വി.ഐമാരും മൂന്ന് എ.എം.വി.ഐമാരുമുള്ള കണ്ണൂര്‍, തലശേരി ഓഫീസുകള്‍ക്ക് കീഴില്‍ പ്രതിദിനം 120 ടെസ്റ്റുകള്‍

നടക്കുമ്പോഴാണ് മൂന്ന് എം.വി.ഐമാരും മൂന്ന് എ എം.വി.ഐമാരുമുള്ള തളിപ്പറമ്പ് ജോ.ആര്‍.ടി.ഒ ഓഫീസിന് കീഴില്‍ കേവലം 60 ടെസ്റ്റുകള്‍ മാത്രം നടക്കുന്നത്.

ഇത് സ്പതംബര്‍ 30 ന് കാലാവധി തീരുന്ന അപേക്ഷകര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

വാര്‍ത്ത ശ്രദ്ധയില്‍പെട്ട ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലയിലെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ തേടിയിരുന്നു.

പരാതികള്‍ വാസ്തവമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ബാച്ചുകളായി 30 പേര്‍ക്ക് വീതം ടെസ്റ്റ് നടത്താനും ആവശ്യമെങ്കില്‍ ശനിയാഴ്ച്ചയും ടെസ്റ്റ് ദിവസമാക്കാനും തീരുമാനിച്ചത്.

ഇത് സംബന്ധിച്ച് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.എസ്.പ്രമോജ് ശങ്കറിന്റെ ഉത്തരവ് ഇന്ന് ഉച്ചയോടെ പുറത്തിറങ്ങി.