പയ്യന്നൂര്‍ ശ്രീ കാപ്പാട്ട് കഴകം ആചാരം കൈക്കൊള്ളല്‍ നാളെ.
പയ്യന്നൂര്‍: പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന പയ്യന്നൂര്‍ ശ്രീ കാപ്പാട്ട് കഴകത്തില്‍ കാപ്പാട്ട് ഭഗവതിയുടെ ദേവനര്‍ത്തകനും മാട്ടുമ്മല്‍ തറവാട്ട് കാരണവരും പുതിയ പറമ്പന്‍ തറവാട്ട് കാരണവരും നാളെ നവംബര്‍ 11-ന് ശനിയാഴ്ച്ച ആചാരം കൈക്കൊളുന്നു.
കാപ്പാട്ട് ഭഗവതിയുടെ പ്രതിപുരുഷനായി കാസര്‍കോട് മുന്നാട് സ്വദേശി പുതിയ പറമ്പന്‍ പ്രശാന്തനും (42) മാട്ടുമ്മല്‍ കാരണവരായി പെരിയങ്ങാനത്തെ മാട്ടുമ്മല്‍ ബാലകൃഷ്ണനും പുതിയപറമ്പന്‍ കാരണവരായി വെള്ളരിക്കുണ്ട് പുങ്ങംചാലിലെ പുതിയ പറമ്പത്ത് രാമചന്ദ്രനുമാണ് ആചാരമേല്‍ക്കുന്നത്.
11-ന് രാവിലെ 7.45ന് പയ്യന്നൂരിന്റെ ദേശാധിപനായ പയ്യന്നൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര തിരുസന്നിധിയില്‍ പുണ്യ തീര്‍ത്ഥം കൊണ്ട് കലശം കുളിച്ച് പെരുമാളെ തൊഴുതു വരുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമിടും.
തുടര്‍ന്ന് ക്ഷേത്രത്തിലെത്തി മൂവരും അച്ഛന്റെ വീട്ടുകാര്‍ നല്‍കുന്ന പുതുവസ്ത്രമണിഞ്ഞ് കോയ്മമാര്‍ക്കും വിവിധ കഴകങ്ങളില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും തറവാടുകളില്‍ നിന്നും വന്ന ആചാര സ്ഥാനികര്‍ക്ക് ആചാര കൈയ്യായി ദക്ഷിണ നല്‍കി 64 കുറവും തീര്‍ത്ത് ആചാരത്തിനൊരുങ്ങും.
കാപ്പാട്ട് ഭഗവതിയുടെ പുരാതന പുണ്യസ്ഥലമായ ആലില കാപ്പാട്ട് ചെന്ന് വണങ്ങി പ്രധാന കോയ്മ തറവാടായ കരിപ്പത്ത് തറവാട്ടിലെത്തും.
അവിടെ കൊട്ടിലില്‍ തറവാട്ടമ്മ കരിമ്പിടവും വെള്ളയും വിരിച്ച് കാപ്പാട്ട് ഭഗവതിയുടെ ദേവനര്‍ത്തകനാകുന്ന പുതിയ പറമ്പന്‍ പ്രശാന്തനെ ഇരുത്തും.
തറവാട്ടമ്മയ്ക്ക് വെറ്റിലയും അടക്കയും ഉള്‍പ്പെടുത്തി ദക്ഷിണ സമര്‍പ്പിക്കുമ്പോള്‍ ദേവ നര്‍ത്തകനെ പാല്‍ നല്‍കി അനുഗ്രഹിക്കും. തുടര്‍ന്ന് തറവാട്ടമ്മ പുതിയ പറമ്പന്‍ പ്രശാന്തനെ അരിയെറിഞ്ഞ് അനുഗ്രഹിച്ചു കൊണ്ട് പുതിയ പറമ്പന്‍ പ്രശാന്തന്‍ കോമരം എന്ന പേര് വിളിച്ച് ആചാരപ്പെടുത്തും.
തുടര്‍ന്ന് ഭഗവതിയുടെ ആദ്യ സമാഗമ സ്ഥലമായ തെക്കിടില്‍ തൊഴുതു വണങ്ങി ഭണ്ഡാരപ്പുരയുടെ തീര്‍ഥ കിണറില്‍ നീരാടും. മുകളില്‍ നിന്ന് കിണറിലേക്ക് ചാടിയാണ് ഈ അപൂര്‍വമായ നീരാട്ട് നടക്കുന്നത്.
ക്ഷേത്രത്തില്‍ എത്തി കോയ്മമാര്‍ ആചാരപ്പേര് വിളിച്ച ശേഷം വണ്ണാത്തി മാറ്റുടത്ത് പള്ളിയറയില്‍ പ്രവേശിച്ച് പട്ടുടുത്ത് അരമണിയും കൈത്തണ്ടയും ഘടയും ധരിച്ച് കാല്‍ചിലമ്പും സ്വര്‍ണാഭരണങ്ങളും അണിഞ്ഞ ശേഷം കഴകം സ്ഥാനികന്‍ തെക്കവന്‍ ഭരതന്‍ അന്തിത്തിരിയന്‍ നെറ്റിപ്പട്ടം ചാര്‍ത്തിക്കൊടുത്ത് തിരുവായുധം നല്‍കും.
തിരുവായുധം സ്വീകരിച്ച നര്‍ത്തകന്‍ പുറത്തേക്കിറങ്ങി ദേവിയുടെ പള്ളിയറ മുറ്റത്ത് പുതിയ പറമ്പന്‍ ദൈവത്തിന്റെയും പുള്ളി ഭഗവതിയുടെയും വിഷ്ണുമൂര്‍ത്തിയുടെയും അരങ്ങിലിറങ്ങിയ പ്രതിപുരുഷന്മാര്‍ക്കൊപ്പം നര്‍ത്തനം ചെയ്യും.
തുടര്‍ന്ന് ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് ഭക്തര്‍ക്ക് മഞ്ഞള്‍ പ്രസാദം നല്‍കി അനുഗ്രഹിച്ച് പള്ളിയറയില്‍ തിരിച്ച് കയറി അരങ്ങൊഴിയും. തുടര്‍ന്ന് ആചാരപ്പെട്ട 2 കാരണവന്മാര്‍ക്കൊപ്പം വിവിധ ക്ഷേത്ര സ്ഥാനീകരുടെയും വാല്യക്കാരുടെയും അകമ്പടിയില്‍ വീട്ടുകൂടല്‍ ചടങ്ങിനായി ഭണ്ഡാരപ്പുരയിലേക്ക് പോകും.
വാല്യക്കാര്‍ കാരയപ്പവും തേങ്ങാപ്പൂളും നിറച്ച ചെമ്പുകളും പഴക്കുലകളും തണ്ടിലേറ്റി ഗോവിന്ദ വിളികളുമായി ഒപ്പം ചേരും. ഭണ്ഡാരപ്പുരയില്‍ മറ്റ് സ്ഥാനികര്‍ക്കൊപ്പമിരിക്കും. വാല്യക്കാര്‍ സ്ഥാനികര്‍ക്ക് അപ്പം വിളമ്പ് ചടങ്ങ് നടത്തിയ ശേഷം 3 പേര്‍ക്കും അവരവരുടെ ഭാര്യമാര്‍ കൊടിയിലകളില്‍ കാരയപ്പവും പഴവും തേങ്ങാപ്പൂളും വിളമ്പും.
ഇത് വിളമ്പുമ്പോള്‍ സ്ത്രീകള്‍ കുരവയിടും. ഇതിനിടയില്‍ ആചാരം സ്വീകരിച്ച മൂന്ന് പേരും തങ്ങളുടെ ആത്മീയ ജീവിതത്തിലേക്ക് ഭാര്യയെ ഒപ്പം കൂട്ടുന്നു എന്നതിന്റെ പ്രതീകമായി അവരവരുടെ ഭാര്യമാരുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നതോടെ ചടങ്ങുകള്‍ സമാപിക്കും. 2024 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 3-വരെയാണ് പെരുങ്കളിയാട്ടം.