കറപ്പക്കുണ്ടിന് ചരമഗീതം രചിച്ച് നഗരസഭ, 10 ലക്ഷം വെറുതെയായി. പ്രകൃതിദത്ത ജലസംഭരണി കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കായി മാറി.
കരിമ്പം. കെ.പി.രാജീവന്‍
തളിപ്പറമ്പ്: ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ കറപ്പക്കുണ്ട് നവീകരണം വെറുതെയായി.
കരിമ്പം പ്രദേശത്തെ സ്വാഭാവിക നീരുറവയായിരുന്ന കറപ്പക്കുണ്ട് നവീകരിച്ച് സംരക്ഷിക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു.
ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ ഇതിനായി 10 ലക്ഷം രൂപ തളിപ്പറമ്പ് നഗരസഭ വകയിരുത്തിയത്.
എന്നാല്‍ നിര്‍മ്മാണം പകുതിയായതോടെ തോട് കോണ്‍ക്രീറ്റ് ടാങ്കായി മാറിയിരിക്കയാണിപ്പോള്‍.
നൂറ്റാണ്ടുകളായി പാറക്കെട്ടുകളുടെ അടിത്തട്ടില്‍ നിന്നും നീരുറവയായി പുറത്തേക്ക് വെള്ളം ഒഴുകിവന്നിരുന്ന തോട്ടില്‍ നിന്നും ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുത്ത് ആഴം കൂട്ടിയാണ് നാല് ഭാഗവും കോണ്‍ക്രീറ്റ് ചെയ്തത്.
ഇതോടെ തോട് കോണ്‍ക്രീറ്റ് ടാങ്കായി മാറി. ഇന്നത്തെ നിലയില്‍ ഇത് അപകടം നിറഞ്ഞ ഒരു ജലക്കുഴിയാവാനുള്ള സാധ്യത ഏറെയാണ്.
ഈ ഭാഗത്ത് വലിയ തോതില്‍ പൊതുസ്ഥലം കയ്യേറിയതിനാല്‍ ഇപ്പോള്‍ ചെയ്ത രീതിയിലല്ലാതെ കറപ്പക്കുണ്ട് നവീകരണം സാധ്യമല്ലെന്നും സ്ഥലം അളന്ന് തിട്ടപ്പെടുത്തി നവീകരിക്കുന്നത് അസാധ്യമാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നു.
ഈ വര്‍ഷത്തെ പദ്ധതിയില്‍ 10 ലക്ഷം കൂടി വകയിരുത്തിയിട്ടുണ്ടെന്നും തോട്ടിലേക്ക് ഇറങ്ങാന്‍ പടവുകള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കുമെന്നും കൗണ്‍സിലര്‍ എം.കെ.ഷബിത പറഞ്ഞു.
ഏതായാലും ഇത്തരത്തിലായിരുന്നെങ്കില്‍ നവീകരിക്കാതിരിക്കുന്നതായിരുന്നു നല്ലതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുളിപ്പിച്ചതോടെ കുട്ടി ഇല്ലാതായ അവസ്ഥയിലാണ് കറപ്പക്കുണ്ടിനെ നവീകരണം കൊണ്ടെത്തിച്ചിരിക്കുന്നത്.
തുടക്കത്തില്‍ പേരിന് പ്രദേശവാസികളുടെ ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നുവെങ്കിലും തുടര്‍ന്നുള്ള പ്രവൃത്തിയില്‍ ജനകീയ പങ്കാളിത്തമോ അഭിപ്രായരൂപീകരണമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
