കരിമ്പം ഫാമില്‍ വന്‍കിട ടൂറിസം പദ്ധതി വരുന്നു-സര്‍വേ ആരംഭിച്ചു-സ്വകാര്യ കരാര്‍ കമ്പനിക്ക് നിര്‍ണായക പങ്ക്-
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: കരിമ്പം ജില്ലാ കൃഷിഫാമിനെ കരാര്‍ കമ്പനി വിഴുങ്ങുമോ-
കഴിഞ്ഞ ദിവസം ആരംഭിച്ച ഭൂസര്‍വേ നിരവധി സംശയങ്ങളും ദുരൂഹതകളും പടര്‍ത്തിയിരിക്കുന്നതായി തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക.
ഭൂസര്‍വേ ആരംഭിച്ചതോടെ ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയതായും പരാതികള്‍ ഉയരുന്നു.
ഫാം ടൂറിസം പദ്ധതികള്‍ക്കെന്ന പേരിലാണ് കരിമ്പംഫാമില്‍ കുറച്ചുദിവസം മുമ്പ് സ്വകാര്യ കമ്പനി സര്‍വേ ജോലികള്‍ ആരംഭിച്ചത്.
വന്‍ തുകയ്ക്കാണ് ഒരു സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനി ഭുസര്‍വേ ഏറ്റെടുത്തിരിക്കുന്നതെന്നാണ് വിവരം.
ആദ്യഘട്ടത്തില്‍ കാടുകള്‍ വെട്ടിത്തെളിച്ച് സര്‍വേ നടത്താന്‍ 7 ലക്ഷം രൂപയ്ക്കാണ് കരാറെടുത്തിരുന്നതെങ്കില്‍ പിന്നീട് കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങളുടെ വിസ്തീര്‍ണം
കൂടുതലായതിനാല്‍ അത് ലാഭകരമാവുന്നതല്ലെന്ന് കണ്ട് ഫാം തൊഴിലാളികളെക്കൊണ്ടുതന്നെ കാടുവെട്ടിതെളിക്കാന്‍ ഉന്നതങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി സമ്മതം വാങ്ങിയതായാണ് വിവരം.
ഇപ്പോള്‍ ഫാം തൊഴിലാളികളുടെ ഏക ജോലി സര്‍വേ സംഘത്തിന് വേണ്ടി കാടുവെട്ടിത്തെളിക്കുകയെന്നത് മാത്രമാണ്.
മറ്റൊരു ജോലികളും ഫാമിലിപ്പോള്‍ നടക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
ഫാമിലെ 56 ഹെക്ടര്‍ സ്ഥലം മുഴുവനായി സര്‍വേ നടത്തി ഇവിടെ ഫാം ടൂറിസം പദ്ധതി ആരംഭിക്കലാണത്രേ ലക്ഷ്യം.
ഫാമില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ചുമതലയും കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് തന്നെ നല്‍കാന്‍ അണിയറനീക്കം നടക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
117 വര്‍ഷം പഴക്കമുള്ള കരിമ്പംഫാമില്‍ കോടികള്‍ ചെലവഴിച്ച് റിസോര്‍ട്ട് ഉള്‍പ്പെടെ നിര്‍മ്മിച്ച് ടൂറിസം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്രഭൂസര്‍വേ നടക്കുന്നത്.
ഫാമിനുള്ളില്‍ ഏത് ഭാഗത്ത് ഏതൊക്കെ രീതിയിലുള്ള ടൂറിസം പദ്ധതിയാണ് നടപ്പിലാക്കേണ്ടതെന്ന് തീരുമാനിക്കാനാണ് സര്‍വേ നടക്കുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങളെ ഒഴിവാക്കി ഭൂസര്‍വേ നടത്താന്‍ കണ്‍സള്‍ട്ടന്‍സിയായി കരാര്‍ കമ്പനിയെ ഏല്‍പ്പിച്ചതിന് പിന്നില്‍ ഉന്നതതല നിര്‍ദ്ദേശമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.