കായല്‍ സൗന്ദര്യം നുകരാന്‍ കവ്വായിത്തീരം- ഹൗസ് ബോട്ട് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു

പയ്യന്നൂര്‍: ഓളപ്പരപ്പുകളെ തൊട്ട് പറന്നുയരുന്ന പക്ഷിക്കൂട്ടങ്ങള്‍- ചെറുതും വലുതുമായ പച്ചത്തുരുത്തുകള്‍.. കടലും കായലും ചെറുദ്വീപുകളും ചേര്‍ന്നൊരുക്കുന്ന പ്രകൃതി ദൃശ്യങ്ങള്‍..

ഉത്തര മലബാറിലെ സുപ്രധാന ജലസംഭരണിയായ കവ്വായി കായല്‍ കാഴ്ചകള്‍ ആസ്വദിക്കാനും അനുഭവിക്കാനുമായി ഹൗസ് ബോട്ട് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു.

മലബാര്‍ റിവര്‍ക്രൂസ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഹൗസ്‌ബോട്ട് ടെര്‍മിനല്‍ നിര്‍മിച്ചത്.

4.58 കോടി രൂപ ചെലവില്‍ നിര്‍മിച്ച ടെര്‍മിനലില്‍ ഒരേ സമയം രണ്ട് വലിയ ഹൗസ് ബോട്ടുകള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന രണ്ട് ബോട്ട് ജെട്ടികളും 90 മീറ്റര്‍ നീളത്തിലുള്ള നടപ്പാതയും ഉണ്ട്.

വേലിയേറ്റ, വേലിയിറക്ക സമയങ്ങളില്‍ ബോട്ടുകള്‍ അടുപ്പിക്കാവുന്ന രീതിയില്‍ നാല് തട്ടുകളായാണ് ജെട്ടികള്‍ നിര്‍മിച്ചത്.

ഓടുമേഞ്ഞ മേല്‍ക്കൂര, കരിങ്കല്‍ പാകിയ നടപ്പാത, കരിങ്കല്ലില്‍ നിര്‍മിച്ച ഇരിപ്പിടങ്ങള്‍, സോളാര്‍ ലൈറ്റുകള്‍ എന്നിവയും കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിന് നടപ്പാതയോട് ചേര്‍ന്ന് വ്യൂ പോയിന്റുകളും ഉണ്ട്.

കായല്‍ക്കരയിലെ നടപ്പാത ഇന്റര്‍ലോക്ക് ചെയ്തു. കോണ്‍ക്രീറ്റ് പൈലുകള്‍ കൊണ്ടാണ് ടെര്‍മിനലിന്റെ അടിത്തറ നിര്‍മിച്ചത്.

പയ്യന്നൂര്‍ നഗരസഭാ പരിധിയിലുള്ള ബോട്ട് ടെര്‍മിനലിലേക്ക് പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരമേയുള്ളൂ.

ഏഴ് പുഴകള്‍ ചേരുന്ന കവ്വായി കായലിന് 37 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്.

ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ ചെറു ദ്വീപുകളും കണ്ടല്‍ക്കാടുകളും കവ്വായി ബീച്ചും കണ്ട് ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കായി സ്പീഡ് ബോട്ട്, പെഡല്‍ ബോട്ട്, കയാക്കിംഗ് സൗകര്യങ്ങള്‍ എന്നിവ ഇവിടെയുണ്ട്.

നാടന്‍ ഭക്ഷണം, താമസ സൗകര്യങ്ങള്‍ എന്നിവയും ലഭിക്കും. എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെ ബോട്ടിംഗ്.

ഹൗസ് ബോട്ട് ടെര്‍മിനല്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഇവിടേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ.