കയ്യത്ത് നാഗത്തില്‍ ധനുമാസ ആയില്യത്തിന് അഭൂതപൂര്‍വ്വമായ തിരക്ക്
ഗോപി കൂവോട്
തളിപ്പറമ്പ്: ധനുമാസത്തിലെ ആയില്യദിനത്തോടനുബന്ധിച്ച് തളിപ്പറമ്പിനടുത്ത കയ്യത്ത് നാഗം ക്ഷേത്രത്തില്‍ ഇന്നലെ ഭക്തജനങ്ങളുടെ അഭൂപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.

പുലര്‍ച്ചെ സാധാരണ ദിവസങ്ങളേക്കാള്‍ തിരക്ക് കുറവായിരുന്നുവെങ്കിലും, ഉച്ചയോടെ ജനങ്ങള്‍ ഒഴുകിയെത്തി.
വൈകുന്നേരത്തോടെ തിരക്ക് അതിരൂക്ഷമായി വര്‍ധിക്കുകയും രാത്രി വൈകുവോളം തുടരുകയും ചെയ്തു.
ദൂരദേശങ്ങളില്‍ നിന്നെത്തിയ നിരവധി ഭക്തര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ തിരികെ എടുക്കുന്നതിനും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു.
കാലെടുത്ത് വെക്കാനാവാത്തവിധം തിരക്കുണ്ടായിരുന്നതായി ക്ഷേത്രം അധികൃതര്‍ പറഞ്ഞു.
പാടിക്കുന്നിനെ തൊട്ടെുരുമ്മി സ്ഥിതിചെയ്യുന്ന കയ്യത്ത് നാഗം ക്ഷേത്രം നാഗാരാധയ്ക്ക് ഏറെ പ്രാധാന്യമുള്ള ആരാധനകേന്ദ്രമാണ്.
തളിപ്പറമ്പ് നഗരസഭയുടെയും പട്ടുവം ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തി പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 16 ഏക്കര്‍ വിസ്തൃതിയുള്ള കുന്നിന്‍ പ്രദേശത്താണ് ഈ നാഗക്കാവ് സ്ഥിതി ചെയ്യുന്നത്.
വന്‍മരങ്ങള്‍, ഔഷധസസ്യങ്ങള്‍, ഉഭയഉരഗ ജീവികള്‍, വിവിധ ഇനം പക്ഷികള്‍ എന്നിവയാല്‍ സമൃദ്ധമായ ഈ പ്രദേശം ജൈവ വൈവിധ്യങ്ങളുടെ അപൂര്‍വ്വ കലവറയായി അറിയപ്പെടുന്നു.
എല്ലാ വര്‍ഷവും ധനുമാസത്തിലെ ആയില്യ നാളിലാണ് ഇവിടെ വിശേഷ പൂജയായ സര്‍പ്പബലിയോടുകൂടിയ ആയില്യം ഉത്സവം നടക്കുന്നത്.
നാഗപ്രീതിക്കായി ആയിരക്കണക്കിന് ഭക്തര്‍ സര്‍പ്പബലി, നൂറുംപാലും, മുട്ടയൊപ്പിക്കല്‍, രാഹുപൂജ തുടങ്ങിയ നേര്‍ച്ചകള്‍ അര്‍പ്പിക്കാനായി ഇവിടെ എത്താറുണ്ട്.
കയ്യത്ത് നാഗം ക്ഷേത്രത്തിന് തളിപ്പറമ്പ് രാജരാജേശ്വരം ക്ഷേത്രവുമായി അഭേദ്യമായ ബന്ധവുമുണ്ട്.
ടി. ടി. കെ. ദേവസ്വത്തിന്റെ കീഴിലുള്ള ഈ ആരാധനകേന്ദ്രത്തില്‍ എല്ലാ ദിവസവും പതിവ് പൂജകളും നടക്കുന്നു.
കയ്യത്ത് നാഗത്തിലെ പാടിക്കുന്നിലപ്പന്‍ സ്ഥാനത്ത് രാവിലെ വെള്ള നിവേദ്യത്തോടുകൂടിയ പൂജ മാത്രമാണ് നടത്തുന്നത്; അവിടേക്ക് പൂജാവേളയില്‍ പൂജാരി മാത്രമേ പ്രവേശിക്കാറുള്ളൂ.
നാഗാരാധനയുടെയും പ്രകൃതി സംരക്ഷണത്തിന്റെയും പ്രാധാന്യം ഒരുപോലെ ഓര്‍മിപ്പിക്കുന്ന കയ്യത്ത് നാഗം നാഗക്കാവ് ഇന്നും പരിസ്ഥിതി സംതുലനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുവരികയാണ്.
