കെ.സി.റസ്റ്റോറന്റ് പൂട്ടിച്ചു-ഭക്ഷ്യസുരക്ഷാവകുപ്പും പഞ്ചായത്തധികൃരും കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍-
പിലാത്തറ: ശുചിമുറിയില്‍ പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും സംഭരിച്ചുവെച്ച പിലാത്തറയിലെ കെ.സി.റസ്റ്റോറന്റ് ഫുഡ് സേഫ്റ്റി വിഭാഗം അടച്ചുപൂട്ടിച്ചു.

ഫുഡ്‌സേഫ്റ്റി വിഭാഗം കണ്ണൂര്‍ അസി.കമ്മീഷണര്‍ ടി.എസ്.വിനോദ്കുമാറിന്റെയും ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്റെയും നേതൃത്വത്തില്‍ മൂന്ന് മണിക്കൂറോളം
നടന്ന റെയിഡില്‍ ഫുഡ് സേഫ്റ്റി റഗുലേഷന്‍ ആക്റ്റിന് വിരുദ്ധമായ നിരവധി കാര്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയത്.
ചെറുതാഴം പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതര്‍ സംയുക്തമായിട്ടാണ് ഇന്ന് രാവിലെ മുതല്‍ തന്നെ റെയിഡ് നടത്തിയത്.
ഞായറാഴ്ച്ച ബന്തടുക്കയിലെ ഡോക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കണ്ടതിനപ്പുറം നിരവധി പ്രശ്‌നങ്ങള്‍ റെയിഡില്‍ ബോധ്യപ്പെട്ടതായി ഭക്ഷ്യസുരക്ഷാ അസി.കമ്മീഷണര്‍ പറഞ്ഞു.
ന്യൂനതകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ജിതിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇദ്ദേഹം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പിഴ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ഉണ്ടാവുക.
കൂടാതെ ന്യൂനതകള്‍ പരിഹരിച്ച് വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിച്ച് വീണ്ടും പരിശോധന നടത്തിയതിന് ശേഷം മാത്രമേ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ.
ചെറുതാഴം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.രഞ്ജിത്ത്, പഞ്ചായത്ത് സെക്രട്ടറി കെ.വി.സതീശന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍ എന്നിവരും റെയിഡില്‍ പങ്കെടുത്തു.
അതിനിടെ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ഹോട്ടലുടമയും സഹോദരിയും സുരക്ഷാ ജീവനക്കാരനും റിമാന്‍ഡില്‍.
കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ
പ്രതികളായ ചുമടുതാങ്ങി കെ.സി.ഹൗസില്‍ മുഹമ്മദ് മൊയ്തീന്‍(28), സഹോദരി സമീന(29), സെക്യൂരിറ്റി ജീവനക്കാരന്‍ ചെറുകുന്നിലെ ടി.ദാസന്‍(70) എന്നിവരെയാണ് പയ്യന്നൂര്‍ മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്‍്ഡ് ചെയ്തത്.
ഐ.പി.സി-392 വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഹോട്ടലിലെ ശുചിമുറിയില്‍ നിന്നും പകര്‍ത്തിയ
വീഡിയോയും ചിത്രങ്ങളും ആരോഗ്യവകുപ്പിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും കൈമാറുമെന്ന് അക്രമത്തിന് ഇരയായ യാത്രാസംഘത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നലെ രാവിലെ പത്തോടെയാണ് ബന്തടുക്ക പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുബ്ബരായയും ആശുപത്രി ജീവനക്കാരും
കുടുംബാംഗങ്ങളുമടങ്ങിയ 31 അംഗ സംഘം കണ്ണൂരിലേക്കുള്ള യാത്രക്കിടയില്‍ പിലാത്തറ കെ.എസ്.ടി.പി റോഡിലെ കെ.സി.റസ്‌റ്റോറന്റില്‍ എത്തിയത്.
ചായകുടിച്ച ശേഷം ശുചിമുറിയില്‍ പോയപ്പോഴാണ് പച്ചക്കറികളും പലവ്യഞ്ജനങ്ങളും അവിടെ സൂക്ഷിച്ച നിലയില്‍ കണ്ടത്.
ഇതിന്റെ ഫോട്ടോയും വീഡിയോയും മൊബൈലില്‍ പകര്‍ത്തിയ ഡോക്ടറെ അക്രമിക്കുകയും ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തതായാണ് കേസ്.
