കെഡിസ്‌ക്, കെയ്‌സ് മെഗാ ജോബ് ഫെയറുകള്‍ 13-നും 14നും
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനുള്ള രണ്ട് മെഗാ ജോബ് ഫെയറുകള്‍ ജനുവരി 13നും 14നുമായി ധര്‍മ്മശാലയിലെ കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജില്‍ നടക്കും.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള നോളജ് ഇക്കോണമി മിഷന്റെ കീഴില്‍ കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (കെഡിസ്‌ക്), കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് (കെയ്‌സ്) എന്നിവയാണ് തൊഴില്‍ മേളകള്‍ നടത്തുന്നത്. കെഡിസ്‌ക് തൊഴില്‍ മേള ജനുവരി 13ന് ഉച്ചക്ക് ശേഷം 2.30ന് തദ്ദേശ സ്വയംഭരണഎക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷയാവും. നൂറിലേറെ സ്ഥാപനങ്ങള്‍ പങ്കെടുക്കും. നേരിട്ടും ഓണ്‍ലൈനായും അഭിമുഖം നടക്കും. അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള കെഡിസ്‌ക് പദ്ധതിയുടെ ഭാഗമാണ് വ്യാഴാഴ്ചയിലെ മേള.
രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് സമയം. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലന്വേഷകരുടെ യോഗ്യതയ്ക്കും അഭിരുചിക്കും അനുസൃതമായി കമ്പനികള്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്താണ് അഭിമുഖത്തിന് അവസരം നല്‍കുക.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.
ആദ്യ തൊഴില്‍ മേളയില്‍ തെരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കി അവരെ തൊഴില്‍ സജ്ജരാക്കാനുള്ള പദ്ധതികളും കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പിലാക്കും.
ഉദ്ഘാടന ചടങ്ങില്‍ എം.പിമാരായ കെ. സുധാകരന്‍, ഡോ. വി. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും.
ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, കേരള നോളജ് ഇക്കോണമി മിഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എം. സലിം തുടങ്ങിയവര്‍ സംബന്ധിക്കും.
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടവും, ജില്ലാ നൈപുണ്യ സമിതിയുടെയും ആഭിമുഖ്യത്തില്‍ സങ്കല്‍പ്പ് പദ്ധതിയുടെ
ഭാഗമായുള്ള കെയ്‌സ് ജോബ് ഫെയര്‍ ജനുവരി 14-ന് രാവിലെ ഒമ്പത് മുതല്‍ കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജില്‍ നടക്കും.
വിവിധ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. ഒരാള്‍ക്ക് അഞ്ച് കമ്പനി ഒഴിവുകള്‍ അപേക്ഷിക്കാം.