കേസരി നായനാര്‍ പുരസ്‌കാര സമര്‍പ്പണം നാളെ

മാതമംഗലം: കലാ-സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം ഏര്‍പ്പെടുത്തിയ ഒന്‍പതാമത് കേസരി നായനാര്‍ പുരസ്‌കാരം നാടക അഭിനേത്രി നിലമ്പൂര്‍ ആയിഷക്ക് നാളെ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈകുന്നേരം 4.30 ന് മാതമംഗലത്ത് സിനിമാ സംവിധായകന്‍ കമല്‍ പുരസ്‌കാരം സമ്മാനിക്കും.

2014 മുതലാണ് മലയാളത്തിലെ ആദ്യ കഥാകൃത്തും പത്രപ്രവര്‍ത്തകനും സാമുഹ്യപരിഷ്‌കരവാദിയുമായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ഓര്‍മ്മയ്ക്കായി ഫെയ്‌സ് മാതമംഗലം കേസരി നായനാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ഇ.സന്തോഷ്‌കുമാര്‍ (കഥ) എം.ജി രാധാകൃഷ്ണന്‍ (മാധ്യമം), കെ.സച്ചിദാനന്ദന്‍ (കവിത), ടി.ഡി രാമകൃഷ്ണന്‍ (നോവല്‍), ഡോ.സുനില്‍. പി. ഇളയിടം(പ്രഭാഷണം), ഇ.പി രാജഗോപാലന്‍ (നിരൂപണം)ടി.പത്മനാഭന്‍ (കഥ), കെ.കെ.ഷാഹിന(മാധ്യമം)എന്നീ മേഖലകളില്‍ ഇതിനകം പുരസ്‌കാരം നല്‍കി.

വി.എസ. അച്യുതാനന്ദന്‍, എം.എ.ബേബി, എം.ബി.രാജേഷ്, പി.രാജീവ്, സുഭാഷിണി അലി തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കാളികളായി.

ഒന്‍പതാമത് കേസരി നായനാര്‍ പുരസ്‌കാര ചടങ്ങില്‍ ബഷീര്‍ ചുങ്കത്തറ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും. ചടങ്ങില്‍ നടനും സംവിധായകനുമായ ബാലന്‍.കെ. മാസ്റ്ററെ ആദരിക്കും.

പരിപാടിയുടെ ഭാഗമായി ഫെയ്‌സ് ഗായക സംഘം അവതരിപ്പിക്കുന്ന നാടക ഗാനമേളയും ഉണ്ടായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഫെയ്‌സ് പ്രസിഡന്റ് കെ.പ്രിയേഷ്, സെക്രട്ടറി പി.ദാമോദരന്‍, കേസരി നായനാര്‍ പുരസ്‌കാര സമിതി കണ്‍വീനര്‍ കെ.വി.സുനുകുമാര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.സി.ടി.പി അജിത, ഫെയ്‌സ് വൈസ് പ്രസിഡണ്ട് എ.പി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.