എട്ടാമത് കേസരി നായനാര്‍ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തക കെ.കെ.ഷാഹിനക്ക്
കണ്ണൂര്‍: ആദ്യമലയാള ചെറുകഥാകൃത്തും അന്വേഷണാത്മക പത്രപ്രവര്‍ത്തകനുമായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ പേരില്‍ ഏര്‍പ്പെടുത്തിയ കേസരി നായനാര്‍ പുരസ്‌കാരത്തിന് മാധ്യമ പ്രവര്‍ത്തക കെ.കെ.ഷാഹിനെയെ തെരഞ്ഞെടുത്തു.
കലാ-സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം 2014 മുതലാണ് കേസരി നായനാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
ജോണ്‍ബ്രിട്ടാസ് എം.പി, ഇ.പി.രാജഗോപാലന്‍, കെ.ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്.
അധികാരശക്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന മാധ്യമ പക്ഷപാതിത്വത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ അതിജീവനത്തിന് പിന്തുണ നല്‍കുന്ന സാമൂഹ്യ പ്രതിബദ്ധതയുടെ ത്യാഗം സ്വയം ഏറ്റെടുക്കുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകയാണ് കെ.കെ ഷാഹിനയെന്ന് ജൂറി വിലയിരുത്തി.
മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ രണ്ടു ദശകങ്ങളോളം അച്ചടി, ഡിജിറ്റല്‍ മാധ്യമ രംഗത്ത് സജീവമാണ്.
ഔട്ട്‌ലുക്ക് സീനിയര്‍ എഡിറ്റര്‍, ദ ഫെഡറല്‍ അസോസിയേറ്റ് എഡിറ്റര്‍, തെഹല്‍ക്ക സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, ജനയുഗം പത്രത്തിന്റെ നാഷണല്‍ ബ്യൂറോ ചീഫ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു.
2002 ല്‍ കേരള സര്‍ക്കാരിന്റെ മാധ്യമ പുരസ്‌കാരം നേടിയ ആദ്യ വനിത പത്രപ്രവര്‍ത്തകയാണ്.
2011 ല്‍ മികച്ച വനിതാ റിപ്പോര്‍ട്ടര്‍ക്കുള്ള ചാമേലി ദേവി ജെയ്ന്‍ പുരസ്‌കാരവും 2023 ല്‍ അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരവും നേടി.
ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിതാ മാധ്യമ പ്രവര്‍ത്തക കൂടിയാണ്.
2023 ഡിസംബര്‍ മൂന്നാംവാരത്തില്‍ മാതമംഗലത്ത് വെച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും.
ഇരുപത്തയ്യായിരം രൂപയും ശില്‍പ്പി കെ.കെ.ആര്‍ വെങ്ങര രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങിയതാണ് പുരസ്‌കാരം.
പത്രസമ്മേളനത്തില്‍ ജൂറി അംഗം കെ.ബാലകൃഷ്ണന്‍, പുരസ്‌കാര സമിതിയംഗം ഡോ.ജിനേഷ്‌കുമാര്‍ എരമം, കണ്‍വീനര്‍ കെ.വി.സുനുകുമാര്‍, ഫെയ്‌സ് സെക്രട്ടറി പി.ദാമോദരന്‍, പ്രസിഡന്റ് കെ.പ്രിയേഷ് എന്നിവര്‍ പങ്കെടുത്തു.