പ്രതിസന്ധികളില്‍ കേരളത്തെ സംരക്ഷിക്കുന്നത് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം ജോണ്‍ ബ്രിട്ടാസ്.എം.പി

ധര്‍മ്മശാല: പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രം ഓര്‍ക്കുകയും അത് കഴിഞ്ഞാല്‍ നാം ആദ്യം വിസ്മരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമായി ഫയര്‍ ആന്റ് സേഫ്റ്റി മേഖല മാറുന്നത് ഖേദകരമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി.

ബ്രഹ്‌മപുരം പോലുള്ള സംഭവങ്ങളില്‍ ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം ചെയ്ത സമര്‍പ്പിതമായ സേവനങ്ങള്‍ കേരളം ഒരിക്കലും മറക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ മൂന്നാമത് കണ്ണൂര്‍ മേഖല സമ്മേളനം ധര്‍മ്മശാല കല്‍ക്കോസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസുമായി താരതമ്യം ചെയ്താല്‍ എണ്ണത്തില്‍ വളരെ കുറവാണെങ്കിലും പ്രതിസന്ധിഘട്ടങ്ങളില്‍ മുന്‍നിരയില്‍ നിന്ന് സംരക്ഷിക്കുന്നത് അഗ്നിശമനസേനയാണെന്നും അദ്ദേഹം പറഞ്ഞു.

ഫയര്‍സര്‍വീസ് മേഖലയില്‍ ഇന്ത്യയിലാദ്യമായി കേരളത്തില്‍ സ്ത്രീകള്‍ക്കും പ്രാതിനിത്യം നല്‍കിക്കൊണ്ടുള്ള വിപ്ലവകരമായ തീരുമാനം കേരളസര്‍ക്കാര്‍ സ്വീകരിച്ചത് സന്തോഷകരമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

മേഖലാ പ്രസിഡന്റ് വി.സുധീഷ് അധ്യക്ഷത വഹിച്ചു. ബ്രഹ്‌മപുരത്ത് അഗ്‌നിശമന പ്രവര്‍ത്തനത്തില്‍ പങ്കാളികളായ സംഘടനാംഗങ്ങളെ എം.വിജിന്‍ എം എല്‍ എ ആദരിച്ചു.

ധര്‍മ്മശാല അന്ധ വിദ്യാലയത്തിനുള്ള കെ എഫ് എസ് എ യുടെ ധനസഹായം ആന്തൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി.സതീദേവി കൈമാറി.

ആന്തൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.കെ.വി നാരായണന്‍, കണ്ണൂര്‍ റീജിനല്‍ ഫയര്‍ ഓഫീസര്‍ പി.രഞ്ജിത്ത, കാസര്‍ഗോഡ് ഡി.എഫ്.ഒ ബി.രാജ്, കണ്ണൂര്‍ ഡി.എഫ്.ഒ എ.ടി.ഹരിദാസന്‍, കെ.എഫ്.എസ്.എ ജന.സെക്രട്ടറി എ.ഷജില്‍കുമാര്‍, ഒ.കെ.രജീഷ്, ട്രഷറര്‍ പ്രണവ്, പി.വി.പവിത്രന്‍, കെ.സജിത് എന്നിവര്‍ പ്രസംഗിച്ചു.

ബൈജു കോട്ടായി സ്വാഗതവും പി.വി.ഗിരീഷ് നന്ദിയും പറഞ്ഞു. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി 40 പ്രതിനിധികളാണ് സ്‌മ്മേളനത്തില്‍ പങ്കെടുത്തത്.