ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണക്കുന്നു-കെ.ജി.എന്‍.യു കണ്ണൂര്‍ ജില്ലാ കമ്മറ്റി.

തളിപ്പറമ്പ്: കേരളത്തിലെ ഡോക്ടര്‍മാര്‍ മാര്‍ച്ച് 17 ന്    നടത്തുന്ന പണിമുടക്കിനെ പിന്തുണക്കുന്നതായി കേരളാ ഗവ.നേഴ്‌സസ് യൂണിയന്‍  കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സന്ദീപ് സിറിയക്കും ജന.സെക്രട്ടറി മുഹമ്മദ് ഷമീറും പത്രക്കുറിപ്പില്‍ അറിയിച്ചു.

കേരളത്തിലെ ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍ നേഴ്‌സുമാര്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെയാണ് നാളെ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ശാഖ പണിമുടക്ക് സമരം നടത്തുന്നത്.

ഡ്യൂട്ടിക്കിടയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ അക്രമങ്ങള്‍ നടക്കുമ്പോഴും കുറ്റവാളികള്‍ക്കെതിരെ ശക്തമായ യാതൊരു നടപടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലെന്ന് നേഴ്‌സസ് യൂണിയന്‍ ആരോപിച്ചു.

ആശുപത്രികളെ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചു ആക്രമണം നടത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി മുന്നോട്ടുവച്ച നിര്‍ദ്ദേശം നാളിതുവരെയും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല.

ആശുപത്രി അക്രമങ്ങള്‍ അവസാനിപ്പിക്കുക, ആതുരാലയങ്ങള്‍ സുരക്ഷിത മേഖലകളാക്കുക, ആക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നടത്തുന്ന സമരം നിലനില്‍പ്പിന് വേണ്ടിയുള്ളതായതിനാല്‍ പൂര്‍ണമായി പിന്തുണക്കുകയാണെന്ന് ഇരുവരും പറഞ്ഞു.