കൂവോട് പത്തായച്ചിറ സൗഹൃദ ടൂറിസ്റ്റ് കേന്ദ്രം ഗോപി കൂവോട് പറഞ്ഞു-പരിഗണിക്കുമെന്ന് എം.എല്‍.എ

തളിപ്പറമ്പ്: കൂവോട് പത്തായച്ചിറ അണക്കെട്ടും പരിസര പ്രദേശങ്ങളും ഉള്‍പ്പെടുത്തി പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് കേന്ദ്രം സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം.

തളിപ്പറമ്പ് ഏഴാംമൈലില്‍ നടന്ന എല്‍.ഡി.എഫ് വികസന സംവാദ സദസിലാണ് എഴുത്തുകാരനായ ഗോപി കൂവോട് ഈ ആവശ്യം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ മുമ്പാകെ അവതരിപ്പിച്ചത്.

നിവേദനത്തിലെ വിഷയങ്ങള്‍ പരിഗണിക്കേണ്ടതാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വേദിയില്‍ വച്ച് തന്നെ പ്രതികരിച്ചു.

1957-ല്‍ നിര്‍മ്മിച്ച, 69 വര്‍ഷത്തെ ചരിത്രമുള്ള പത്തായച്ചിറ അണക്കെട്ട് കൂവോട് ഗ്രാമത്തിന്റെ ജലസമ്പത്തിന്റെയും പ്രകൃതി സൗന്ദര്യത്തിന്റെയും പ്രധാന ആസ്തിയാണെന്ന് ഗോപി കൂവോട് നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അണക്കെട്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ, ഗതാഗത സൗകര്യം കൂടി ആരംഭിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തിന്റെ വികസന സാധ്യതകള്‍ കൂടുതല്‍ വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തളിപ്പറമ്പ് ഭാഗങ്ങളില്‍ നിന്നു തോടിലൂടെ ഒഴുകി കീഴാറ്റൂര്‍, കൂവോട്, തുരുത്തി, കുറ്റിക്കോല്‍ പ്രദേശങ്ങളിലെ വയലുകളിലേക്ക് വ്യാപിക്കുന്ന മാലിന്യങ്ങള്‍ അനേക വര്‍ഷങ്ങളായി കര്‍ഷകരുടെയും പ്രദേശവാസികളുടെയും ഗുരുതര പ്രശ്‌നമായി തുടരുകയാണെന്ന് ഗോപി പറയുന്നു.

ഇതിനെതിരെ നിരവധി പരാതികളും പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ടെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. പത്തായച്ചിറ തോടിന്റെ ഇരുവശങ്ങളിലും പാര്‍ശ്വഭിത്തി കെട്ടി നടപ്പാതയും സൈക്കിള്‍ ട്രാക്കും ഒരുക്കുന്നതോടെ ഈ മാലിന്യ പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കാനാകുമെന്നതാണ് ഗോപിയുടെ പ്രധാന നിര്‍ദേശം.

ഇതോടൊപ്പം, ആമ്പല്‍പ്പൂക്കളാല്‍ സമൃദ്ധമായ പത്തായച്ചിറ ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളതും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളതുമായ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കേന്ദ്രമായി മാറിയിട്ടുണ്ടെന്നും, ടൂറിസം വികസനം ഇതിന് കൂടുതല്‍ സാധ്യതകള്‍ തുറക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കൃഷിയും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ട്, ബോട്ടിംഗ്, കയാക്കിങ് പോലുള്ള വിനോദ സൗകര്യങ്ങള്‍, പുഴയോര സാംസ്‌കാരിക പരിപാടികള്‍, ശുചിമുറി, കുടിവെള്ളം, പാര്‍ക്കിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഈ പദ്ധതി നടപ്പാക്കിയാല്‍, നഗരസഭയുടെ തന്നെ ഒരു ചരിത്ര വിസ്മയമായി പത്തായച്ചിറയെ മാറ്റാന്‍ കഴിയുമെന്ന് നിവേദനത്തില്‍ വിലയിരുത്തുന്നു.

ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി കണ്ണൂര്‍ വളരുന്ന സാഹചര്യത്തില്‍, കൂവോടിനെയും ഈ വികസന യാത്രയുടെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും ഗോപി അവതരിപ്പിച്ചു.