അപ്‌ഗ്രേഡ് ചെയ്ത 268 എസ്.ഐ തസ്തികകള്‍ പുന:സ്ഥാപിക്കണം-കെ.പി.ഒ.എ റൂറല്‍ ജില്ലാ സമ്മേളനം.

തളിപ്പറമ്പ്: എസ്.എച്ച്.ഒ മാരായി ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചതിന്റെറ ഭാഗമായി അപ്‌ഗ്രേഡ് ചെയ്ത 268 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ തസ്തിക പുന:സ്ഥാപിക്കണമെന്ന് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

പോലീസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍
ആവിഷ്‌ക്കരിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ അഭ്യര്‍ത്ഥിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസിലെ അഴിമതി ഗുരുതരമായ സാമൂഹിക വിപത്താണെന്നും ഏതാനും പോലീസുകാര്‍ നടത്തുന്ന അഴിമതി മൊത്തം പോലീസ് വിഭാഗത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതായും പ്രമേയം പറയുന്നു.

ജനമൈത്രി പോലീസ് സംവിധാനം കാര്യക്ഷമാക്കുന്നതിന് കൂടുതല്‍ തസ്തികകള്‍ അനുവദിക്കുക, നിര്‍ത്തലാക്കിയ സൈക്കില്‍ അലവന്ഡസിന് പകരം ബൈക്ക് അലവന്ഡസ് അനുവദിക്കുക,

ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും കുറ്റാന്വേണത്തിനും ക്രമസമാധാനപാലനത്തിനും പ്രത്യേകമായി ജനറല്‍ എക്‌സിക്യുട്ടീവ് വിഭാഗത്തില്‍ എസ്.ഐമാരെ നിയോഗിക്കുക,

ജില്ലയിലെ സ്‌റ്റേഷനുകളില്‍ ഐ.പി.എസ്.എച്ച്.ഒ, റഗുലര്‍ എസ്.ഐ, ഗ്രേഡ് എസ്.ഐ എന്നിവരുടെ ഡ്യൂട്ടികളും ചുമതലകളും പ്രത്യേകമായി ക്രമപ്പെടുത്തി നല്‍കുക

എന്നിവയടക്കം 12 പ്രമേയങ്ങള്‍ യോഗം അംഗീകരിച്ചു. ഇന്ന് രാവിലെ കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ നടന്ന സമ്മേളനം കണ്ണൂര്‍ ഡി.ഐ.ജി പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്തു.