ദൈവത്തിന്റെ സ്‌നേഹത്തിന് കരുണയുടെ മുഖം-മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.-പിലാത്തറ കൃപാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു.

പിലാത്തറ:പിതാവായ ദൈവത്തിന്റെ സ്നേഹത്തിന് കരുണയുടെ മുഖമാണെന്നും ഈ കരുണയുടെ ഭാവം നമ്മളൊരിക്കലും കൈവിടരുതെന്നും താമരശ്ശേരി രൂപത മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.

അഞ്ചുദിവസങ്ങളിലായി കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ പിലാത്തറ മേരിമാതാ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ കൃപാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപന ദിവസത്തില്‍ ദിവ്യബലിയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ദൈവം കാരുണ്യമാണ്. ഈ കാരുണ്യമാണ് സഭയും കുടുംബവും. ജീവിതത്തില്‍ പ്രതിസന്ധികളും വേദനകളുമുണ്ടാവുമ്പോള്‍ അതേപ്പറ്റിയുള്ള ആകുലതകള്‍ക്കും ഉല്‍ക്കണ്ഠകള്‍ക്കും ജീവിതത്തില്‍ ഇടംകൊടുക്കരുത്.

പകരം അതിരുകളില്ലാത്ത ദൈവത്തിന്റെ കരുണയില്‍ ആശ്രയിക്കണം. വിശ്വാസികളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ കാരുണ്യമുണ്ടെങ്കില്‍ നിങ്ങളില്‍ ദൈവത്തിന്റെ കാരുണ്യമുണ്ടാവും. അവിടെ ദൈവം അത്ഭുതം പ്രവര്‍ത്തിക്കുമെന്നും ബിഷപ് പറഞ്ഞു.

ചിറയ്ക്കല്‍ മിഷനിലും മലയോര മേഖലകളിലും വിദേശ മിഷണറിമാര്‍ കടന്നുചെന്ന് നിര്‍വഹിച്ച നിസ്തുലമായ സേവനങ്ങളേയും അതിനായി അവരെ നിയോഗിച്ച കോഴിക്കോട് രൂപത മെത്രാനായിരുന്ന പത്രോണി പിതാവിനേയും അനുസ്മിച്ചുകൊണ്ടായിരുന്നു മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ തന്റെ പ്രസംഗം ആരംഭിച്ചത്.

\സ്വാഗതമാശംസിച്ച കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്‌സ് വടക്കുംതലയും ദിവ്യബലിയര്‍പ്പണത്തില്‍ സഹകാര്‍മ്മികനായി.

സമാപന ദിവസം ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.കണ്ണൂര്‍ രൂപതയിലെ വൈദികരും സന്യസ്തരും കണ്‍വെന്‍ഷനില്‍ സംബന്ധിച്ചു.

ദൈവദാസന്‍ സുക്കോളച്ചന്റെ ജന്മദിനമായ എട്ടിന് കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്‌സ് വടക്കുംതല ബൈബിള്‍ പ്രതിഷ്ഠ നടത്തിയതോടെയായിരുന്നു പിലാത്തറയില്‍ കൃപാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചത്.