ബക്കളം കാനൂല്‍ നിവാസികളുടെ വൈദ്യുതിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി-അണ്ടര്‍ഗ്രൗണ്ട് കേബിള്‍ നാളെ നാടിന് സമര്‍പ്പിക്കും-

തളിപ്പറമ്പ്: ബക്കളം, കടമ്പേരി, കാനൂല്‍ നിവാസികളുടെ വൈദ്യുത പ്രശ്‌നങ്ങള്‍ക് പരിഹാരമായി മാങ്ങാട് 110 കെ.വി സബ്‌സ്‌റ്റേഷനില്‍ നിന്നും നിര്‍മിച്ച പുതിയ 11 കെ.വി ബക്കളം അണ്ടര്‍ഗ്രൗണ്ട് കേബിള്‍ ഫീഡര്‍ പണി പൂര്‍ത്തിയായി.

ഇതോടൊപ്പം കോടല്ലൂര്‍ ഉദയ ബസ്സ്‌റ്റോപ്പ് വരെ സ്ഥാപിച്ച 11 കെ.വി ബാവുപ്പറമ്പ് അണ്ടര്‍ഗ്രൗണ്ട് കേബിളും വൈദ്യുതി പ്രവഹിപ്പിക്കുന്നതിന് സജ്ജമായി.

കേബിള്‍ ഫീഡറുകള്‍ നാളെ(ശനിയാഴ്ച) കടമ്പേരി ജഗ്ഷനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ആന്തൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി മുകുന്ദന്‍ നാടിനു സമര്‍പ്പിക്കും.

ബക്കളം, കാനൂല്‍, കടമ്പേരി മേഖലയില്‍ വൈദുതി സപ്ലൈ നടത്തിയിരുന്നത് 11 കെവി കരിമ്പം, കാനൂല്‍ ഫീഡറുകള്‍ വഴിയായിരുന്നു.

മോറാഴ, വെള്ളിക്കീല്‍, കുറുമാത്തൂര്‍, കൂനം വരെ നീളുന്ന ഈ ഫീഡറുകള്‍ വിഭജിച്ചാണ് പുതിയ ബക്കളം ഫീഡര്‍ നിര്‍മ്മിച്ചത്.

ബക്കളം, നെല്ലിയോട്, കാനൂല്‍, സീക്കേ കുന്ന്, കടമ്പേരി അമ്പലം, അയ്യന്‍കോവില്‍ മേഖലകളിലാണ് പുതിയ ഫീഡര്‍ സപ്ലൈ ചെയ്യുക.

ഫീഡറുകളുടെ ഏരിയ മാറിയതിനാല്‍ കാനൂല്‍ ഫീഡര്‍ അഞ്ചാം പീടികയായും കരിമ്പം ഫീഡര്‍ ബാവുപറമ്പ് ഫീഡര്‍ എന്നായും പുനര്‍ നാമകരണം ചെയ്യും.

ആകെ 6.5 കിലോമീറ്റര്‍ കേബിലാണ് സ്ഥാപിച്ചത്. ഒരു കോടി അമ്പത്തി രണ്ടു ലക്ഷമാണ് പദ്ധതി തുക. കെ എസ് ബി ‘ ദ്യുതി ‘ 2021 പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് പ്രവൃത്തി നടപ്പാക്കിയതെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഹരീശന്‍ മൊട്ടമ്മല്‍ പറഞ്ഞു.

കേബിള്‍ സബ്‌സ്‌റ്റേഷനില്‍ കണക്ട് ചെയ്യാന്‍ പുതിയ ബ്രേക്കര്‍ ക്യുബിക്കിള്‍ സ്ഥാപിച്ചതിനു 15 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക.ഈ പ്രവൃത്തി പൂര്‍ത്തിയായതായി സ്‌റ്റേഷന്‍ എഞ്ചിനീയര്‍ അമ്പിളി അറിയിച്ചു.

എറണാകുളത്തെ ലിജോ പൗലോസ് കമ്പനിയാണ് കേബിള്‍ വര്‍ക്കിന്റെ കോണ്‍ട്രാക്ടര്‍. മാങ്ങാട് സബ്‌സ്‌റ്റേഷനില്‍ നിന്നും വെയര്‍ഹൗസ്, കെ വീ ക്വാര്‍ട്ടേഴ്‌സ്, കെ എസ് ബി ഓഫീസ്,

എഞ്ചിനീയറിംഗ് കോളേജ് ജംഗ്ഷന്‍,നിഫ്റ്റ്, മോത്തി, മുതിരക്കല്‍, കടമ്പേരി ജംഗ്ഷന്‍, അമ്പലം, കയര്‍ കമ്പനി വഴി ഉദയ ബസ്സ്‌റ്റോപ്പ് വരെയാണ് കേബിള്‍ ഇട്ടത്.

ഇവിടങ്ങളില്‍ റോഡരികില്‍ കുഴിക്കുന്നവര്‍ മുന്‍കൂട്ടി കെ എസ് ബിയെ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.