അന്ന് മന്ത്രി പറഞ്ഞത് 6 മാസം-36 മാസമായിട്ടും തീര്‍ന്നില്ല: പയ്യന്നൂരിലെ തിയേറ്റര്‍സമുച്ചയം നിര്‍മ്മാണം നിലച്ചു.
കരിമ്പം.കെ.പി.രാജീവന്‍
പയ്യന്നൂര്‍: തറക്കല്ലിടല്‍ ചടങ്ങില്‍ ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞ തിയേറ്റര്‍ സമുച്ചയം 36 മാസം പിന്നിട്ടിട്ടും പൂര്‍ത്തിയായില്ലെന്ന് മാത്രമല്ല, നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവെക്കുകയും ചെയ്തു.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പയ്യന്നൂരില്‍ നിര്‍മ്മിക്കുന്ന തിയേറ്റര്‍ സമുച്ചയത്തിന്റെ നിര്‍മ്മാണ ജോലികളാണ് കിഫ്ബിയില്‍ നിന്ന് ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചത്.
തിയേറ്ററിന്റെ 85 ശതമാനം ജോലികളും പൂര്‍ത്തീകരിച്ചതായി കെ.എസ്.എഫ്.ഡി.സി ഡയരക്ടര്‍ മനോജ് കാന പറഞ്ഞു. ഇന്റീരിയര്‍ ജോലികളാണ് ഇനി പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളത്.
2020 ഒക്ടോബര്‍ 28 നാണ് അന്നത്തെ സാംസ്‌ക്കാരികമന്ത്രി എ.കെ.ബാലന്‍ തിയേറ്ററിന് തറക്കല്ലിട്ടത്. 6 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.
തുടക്കത്തില്‍ വേഗത്തില്‍ നടന്ന നിര്‍മ്മാണ പ്രവൃത്തികള്‍ കഴിഞ്ഞ 8 മാസത്തോളമായി നിര്‍ത്തിവെച്ചിരിക്കയാണ്.
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 100 സ്‌ക്രീനുകള്‍ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് പയ്യന്നൂരില്‍ പുതിയ തിയേറ്റര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
പയ്യന്നൂര്‍ നഗരസഭ പാട്ടത്തിന് വിട്ടുനല്‍കിയ 70 സെന്റ് സ്ഥലത്താണ് സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിയേറ്റര്‍ സമുച്ചയം പണിയുന്നത്.
തിയേറ്ററില്‍ രണ്ട് സ്‌ക്രീനുകളും 309 സീറ്റുകളും ഉണ്ടാകും. 4-കെ ത്രീഡി ഡിജിറ്റല്‍ പ്രൊജക്ഷന്‍, മേന്മയേറിയ ഡോള്‍ബി അറ്റ്മോസ് ശബ്ദ സംവിധാനം, ജെ ബി എല്‍ സ്പീക്കര്‍, സില്‍വര്‍ സ്‌ക്രീന്‍, ഇന്‍വെര്‍ട്ടര്‍ ടൈപ്പ് ശീതീകരണ സംവിധാനം, നിരീക്ഷണ ക്യാമറകള്‍, വൈദ്യുതി തടസം ഒഴിവാക്കാന്‍ ആധുനിക ജനറേറ്ററുകള്‍, ഫയര്‍ ഫൈറ്റിങ്ങ് സംവിധാനം, ആധുനിക ത്രീഡി സംവിധാനം, സൗകര്യപ്രദമായ സോഫാ പുഷ്ബാക്ക് ഇരിപ്പിടങ്ങള്‍, എല്‍ ഇ ഡി ഡിസ്പ്ലേ, ആധുനിക ടോയ്ലറ്റ് സൗകര്യം, ലിഫ്റ്റ് സൗകര്യം, ക്യാന്റീന്‍, ആവശ്യമായ പാര്‍ക്കിങ്ങ് സൗകര്യം തുടങ്ങിയവയാണ് പുതിയ തിയേറ്റര്‍ സമുച്ചയത്തില്‍ഏര്‍പ്പെടുത്തുന്നത്.
13.14 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ് കണക്കാക്കിയിരുന്നെതങ്കിലും പണി നീണ്ടുപോകുകയും കിഫ്ബിയില്‍ നിന്ന് ഫണ്ട് ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് പണി മുടങ്ങിയത്.
നിര്‍മ്മാണച്ചെലവ് ഇനിയും കോടികള്‍ കടക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
എന്തുതന്നെയായാലും 2024 ല്‍ തിയേറ്ററിന്റെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തുമെന്ന് കെ.എസ്.എഫ്.ഡി.സി ഡയരക്ടറും ചലച്ചിത്ര സംവിധായകനുമായ മനോജ് കാന പറയുന്നു.
നീലേശ്വരത്തും ആന്തൂര്‍ നഗരസഭയിലെ ധര്‍മ്മശാലയിലും പുതിയ തിയേറ്ററുകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ കെ.എസ്.എഫ്.ഡി.സി ആരംഭിച്ചിട്ടുണ്ട്.
പയ്യന്നൂരിനോടൊപ്പം ഏറ്റെടുത്ത പരിയാരത്തെ ഒരേക്കറോളം വരുന്ന സ്ഥലത്ത് ഇതുവരെ തിയേറ്ററിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ല.