മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ണൂര്‍ ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.

കണ്ണൂര്‍: മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ണൂര്‍ ഓഫീസില്‍ 850 ഫയലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നത് വ്യവസായികള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി.

നിലവിലുള്ള എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ 6 മാസത്തെ അവധിയെടുത്ത് പോയിരിക്കുകയാണ്.

നിലവില്‍ കോഴിക്കോട് ഓഫീസില്‍ നിന്നുള്ള എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം വന്നുപോകുകയാണ്.

അസിസ്റ്റന്റ് എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ 6 മാസത്തെ പ്രസവാവധിയിലുമാണ്.

അതോടൊപ്പം 3 അപ്രന്റിസുകള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ ഒരാള്‍ മാത്രമാണ് വരുന്നത്.

ചുരുക്കത്തില്‍ ഓഫീസിന്റെ പ്രവര്‍ത്തനം താറുമാറായിക്കിടക്കുകയാണ്.

850 ഫയലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നതിനാല്‍ നിലവിലുള്ള ലൈസന്‍സ് പുതുക്കുന്നതിനും, പുതുതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യവസായികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

വ്യവസായികളുടെ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് സി. അബ്ദുള്‍ കരീം സെക്രട്ടറി ടി.പി.നാരായണന്‍ എന്നിവര്‍ ഓഫീസ് സന്ദര്‍ശിച്ചു.

എത്രയും വേഗത്തില്‍ ബദല്‍ സംവിധാനം ഒരുക്കണമെന്ന് കെ.എസ്.എസ്.ഐ.എ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ വ്യവസായ മന്ത്രിയോട് ആവശ്യപ്പെടാനും തീരുമാനിച്ചു.