ശ്രീ കുബേര മഹാഗണപതി സന്നിധിയില്‍ പുനഃപ്രതിഷ്ഠ കര്‍മ്മം പൂര്‍ത്തിയായി
തളിപ്പറമ്പ്: ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ശ്രീ ഭൂതനാഥ ക്ഷേത്രത്തിന് സമീപമുള്ള ശ്രീ കുബേര മഹാഗണപതി സന്നിധിയില്‍ പുനഃപ്രതിഷ്ഠാ കര്‍മ്മം ഭക്തിസാന്ദ്രമായി നടന്നു.

പ്രശസ്ത വേദപണ്ഡിതന്‍ ശ്രീ വെങ്കിടാചലം നൊച്ചൂര്‍ കൃഷ്ണശാസ്ത്രി കര്‍മ്മങ്ങള്‍ക്ക് നേത്യത്വം വഹിച്ചു.
ഈ ദേവസ്ഥാനം 1973 മാര്‍ച്ച് 6-ന് തളിപ്പറമ്പിന്റെ രാജശില്പിയെന്നും അന്നദാനപ്രഭു എന്നും ആദരപൂര്‍വ്വം അറിയപ്പെടുന്ന മഹാത്മാവ് പി.നീലകണ്ഠ അയ്യര്‍ സ്വയം പ്രതിഷ്ഠ ചെയ്തതാണ്.
സ്ഥാപിതകാലം മുതല്‍ ഇന്നുവരെ സന്നിധിയിലെ എല്ലാ പൂജകളും തളിപ്പറമ്പ് അയ്യര്‍ കുടുംബം അതിയായ സമര്‍പ്പണത്തോടെ അനുഷ്ഠിച്ചു വരുന്നു. പ്രാപിതാമഹന്‍ പ്രതിഷ്ഠിച്ചത് ചെറുമകന്‍ വിജയ് നീലകണ്ഠന്‍ 48 വര്‍ഷ ശേഷം പുന പ്രതിഷ്ഠ പൂര്‍ത്തിയാക്കി.
പുനരുദ്ധാരണ പ്രവൃത്തികള്‍ വിജയ് നീലകണ്ഠന്റെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് ബ്രാഹ്മണ സമൂഹമാണ് 20 ദിവസത്തില്‍ 8 ലക്ഷം രൂപ ചെലവുചെയ്ത് പൂര്‍ത്തിയാക്കിയത്.
ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാര്‍, വാസ്തു ശാസ്ത്ര വിദഗ്ധന്‍ ശങ്കരന്‍ ആചാരി, മലബാര്‍ ദേവസ്വം ബോര്‍ഡ് എഞ്ചിനീയര്‍ വി.വി. രാജേഷ്, എഞ്ചിനീയര്‍ പ്രമോദ് കുമാര്‍, ക്ഷേത്ര ശില്പി ടി.വി.സജീഷ് എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.
