കേരളത്തില്‍ ആഭ്യന്തര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്- കുളപ്പുറം വായനശാല കായിക പരിശീലന അക്കാദമി ഉദ്ഘാടനം ചെയ്തു.
പരിയാരം: കേരളത്തിലെ ആഭ്യന്തര ടൂറിസത്തിന്റെ വിശാലമായ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
ചെറുതാഴം കുളപ്പുറം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കായിക പരിശീലന അക്കാദമി (ട്രാക്ക് ട്രെനിംഗ് അക്കാദമി, കുളപ്പുറം)ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ചരിത്ര പ്രാധാന്യവും പ്രകൃതി ഭംഗിയുമുള്ള നിരവധിയായ പ്രാദേശിക ഇടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്, അവയെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റും.
കാരവന്‍ ടൂറിസത്തിനുള്ള സാധ്യതകള്‍ തേടും. ഓരോ പ്രദേശത്തിനും അനുയോജ്യമായ വിനോദസഞ്ചാര വികസനം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തിലെ ഓരോ വീട്ടിലും സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യത്തിലാണ് കുളപ്പുറം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പരീക്ഷ, കായിക പരിശീലന പരിപാടികള്‍ നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി വിവിധ സേനകളിലേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ക്കായി നൂറോളം പേര്‍ക്കാണ് കായികപരിശീലനം നല്‍കുന്നത്.
കൂടാതെ 50 ഓളം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം, മുന്നൂറോളം കുട്ടികള്‍ക്ക് തൈക്വണ്ടോ പരിശീലനം എന്നിവയും നല്‍കുന്നുണ്ട്.
എം.വിജിന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. മുന്‍ എം.എല്‍. എ ടി.വി.രാജേഷ് അധ്യക്ഷത വഹിച്ചു.
കമ്യൂണിറ്റി സ്‌പോട്‌സ് ഡവലപ്പ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ഷാജിര്‍ നിര്‍വഹിച്ചു.
ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ ലോഗോ പ്രകാശനം ചെയ്തു. ചടങ്ങില്‍ പരിശീലനാര്‍ഥികള്‍ക്കുള്ള യൂനിഫോം വിതരണം ചെയ്തു.
പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ശിവകുമാര്‍, വായനശാല പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്തംഗം സി.പി.ഷിജു, പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി. ഉണ്ണികൃഷ്ണന്‍, വായനശാല പ്രസിഡന്റ് വി.വി.മനോജ്കുമാര്‍,
സെക്രട്ടറി ടി.ടി.രാകേഷ്, പരിശീലകന്‍ സജിത്ത് കരിവെള്ളൂര്‍, ഗ്രന്ഥാലയം സെക്രട്ടറി വി.വി.ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.