കുറുമാത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ കള്ളവോട്ടും ആക്രമവും തടയാന്‍ പോലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി.

കൊച്ചി: കുറുമാത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ കള്ളവോട്ടും അക്രമവും തടയാന്‍ വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും പോളിംഗ് ഏജന്റുമാര്‍ക്കും പ്രത്യേകം

പോലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും തളിപ്പറമ്പ് എസ്.എച്ച്.ഒക്കും നിര്‍ദ്ദേശം നല്‍കി.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കുറുമാത്തൂര്‍ ഡിവിഷനില്‍ മല്‍സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്ലിംലീഗിലെ അഡ്വ. മുജീബ്‌റഹ്മാനാണ് ഇത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

ബ്ലോക്ക് ഡിവിഷനില്‍ ഉള്‍പ്പെടുന്ന വാര്‍ഡ്-8 പുല്ലാഞ്ഞിയോട്, വാര്‍ഡ്-9 മുണ്ടേരി, വാര്‍ഡ് 10-വടക്കാഞ്ചേരി, വാര്‍ഡ് 11-പാറാട്, വാര്‍ഡ്-12 ചെപ്പിനൂല്‍, വാര്‍ഡ്-13 വരഡൂല്‍, വാര്‍ഡ്-14 മുയ്യം എന്നിവിടങ്ങളില്‍ വ്യാപകമായ കള്ളവോട്ടിനും

ബൂത്ത് ആക്രമണങ്ങള്‍ക്കും സാധ്യതയുണ്ടെന്നും, എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ആളുകള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുജീബ്‌റഹ്മാന്‍ ഹരജിയില്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഈ വാര്‍ഡുകളില്‍ വ്യാപകമായ കള്ളവോട്ടുകളും ആക്രമവും നടന്നിട്ടുണ്ട്.

ഇതേതുടര്‍ന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. മേല്‍പറഞ്ഞ 7 വാര്‍ഡുകളിലും ആവശ്യമായ പോലീസ് സുരക്ഷ നല്‍കാനും ആക്രമങ്ങളും കള്ളവോട്ടുകളും തടയാനുമാണ് ഹൈക്കോടതി ഉത്തരവ്.